അറിയപ്പെടാത്ത കെ മുരളീധരന്‍…

Abid Adivaram എഴുതിയ കുറിപ്പ്..

അറിയപ്പെടാത്ത കെ മുരളീധരന്‍

1996 ലാണ്.

ഞാന്‍ കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ കെ എസ് യു യുണിറ്റ് പ്രസിഡണ്ട്.
മദ്യപിച്ച് കാമ്പസ്സില്‍ വന്ന ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പാള്‍ നടപടി എടുക്കുകയും അതിന്റെ പേരില്‍ വിവാദവും സമരവുമൊക്കെ ഉണ്ടാവുകയും ചെയ്തു, ഹിസ്റ്ററിയിലെ അദ്ധ്യാപകന്‍ ആയിരുന്ന മനോഹരന്‍ സാറാണ് ചോദിച്ചത്, ‘ലഹരിക്കെതിരെ ഒരു ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തിക്കൂടേ, നമ്മുടെ കാമ്പസിലും പരിസരത്തെ സ്ഥാപനങ്ങളിലും?’

ആശയം കെ എസ് യു ഏറ്റെടുത്തു, കല്ലായി മുതല്‍ മീഞ്ചന്ത വരെ നഗരത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നോട്ടിസ് വിതരണവും മറ്റു പ്രചരണ പരിപാടികളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു,

വൈകുന്നേരം മറ്റെന്തോ കാര്യത്തിന് ബിലാത്തിക്കുളത്തുള്ള കെ മുരളീധരന്റെ വീട്ടില്‍ പോയപ്പോള്‍, അദ്ദേഹത്തിന്റെ സെക്രട്ടറി ജ്യോതി പ്രകാശ് പറഞ്ഞു, മുരളിയേട്ടന്‍ വീട്ടിലുണ്ട് കണ്ടിട്ട് പൊയ്‌ക്കോ..
അല്പസമയം കഴിഞ്ഞപ്പോള്‍ അകത്തേക്ക് വിളിച്ചു, കാമ്പസിലെ വിശേഷങ്ങള്‍ തിരക്കിയപ്പോള്‍ ‘ലഹരി വിരുദ്ധ കാംപസ്’ പരിപാടിയുടെ ആലോചനയിലാണെന്ന് പറഞ്ഞു, അദ്ദേഹം വിശദശാംശങ്ങള്‍ ചോദിച്ച ശേഷം, മെഡിക്കല്‍ കോളേജിലുള്ള ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയേക്കൂടി സഹകരിച്ചു പരിപാടി ഉഷാറാക്കാന്‍ പറഞ്ഞു, ജ്യോതി പ്രകാശിനോട് അവരെ വിളിച്ച് ഏര്‍പ്പാടാക്കാന്‍ പറഞ്ഞു, ഞങ്ങള്‍ക്ക് വേണ്ട സാമ്പത്തീകവും ഏര്‍പ്പാടാക്കാന്‍ പറഞ്ഞു, യാത്രയാക്കി അദ്ധേഹം.

എംടി വാസുദേവന്‍ നായരെ വരെ ഉള്‍പ്പെടുത്തി, നഗരത്തില്‍ ഉടനീളം നോട്ടീസ് വിതരണം നടത്തി, റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി പരിപാടി ഞങ്ങള്‍ ജോറാക്കി.

പറയാന്‍ വന്ന കാര്യം വേറെയാണ്,
പരിപാടിക്ക് വേണ്ടി ഞങ്ങള്‍ക്ക് കാശ് വേണമല്ലോ, ഒരു രൂപയുടെ ടോക്കണ്‍ അടിച്ച് ഒരു കലക്ഷന്‍ എടുക്കാനാണ് ഞങ്ങളുടെ പ്ലാന്‍, അപ്പോഴാണ് ജ്യോതി പ്രകാശ് മിഠായിത്തെരുവിലെ ഒരു ഫുട് വെയറിലേക്ക് പറഞ്ഞയച്ചത്,പരിപാടിക്ക് സംഭാവന വാങ്ങാന്‍!
ആ കടയില്‍ ചെന്നു, മുരളിയേട്ടന്‍ പറഞ്ഞിട്ട് വന്നതാണ് എന്ന് പറഞ്ഞപ്പഴേ അദ്ദേഹം ഇരിക്കാന്‍ പറഞ്ഞു, കുടിക്കാന്‍ എന്താണ് വേണ്ടത് എന്ന് ചോദിച്ചു, പിരിവിന് ചെന്നവനോട് ഇത്ര ബഹുമാനമോ എന്ന് ശങ്കിച്ചു നില്‍ക്കുമ്പോള്‍ അദ്ദേഹം രണ്ടായിരം രൂപയെടുത്തു തന്നു! ഇനി വേണമെങ്കില്‍ പറയണം എന്നും പറഞ്ഞു, എന്റെ കിളി പോയി, പരമാവധി അഞ്ഞൂറ് രൂപ പ്രതീക്ഷിച്ചു പോയവന്, രണ്ടായിരം രൂപയും സ്വീകരണവും.

അത്ഭുതം തോന്നിയത് കൊണ്ട് ഞാന്‍ അദ്ദേഹത്തോട് കാര്യം തിരക്കി, ഇതെന്താ ഇങ്ങനെ?
ആ മനുഷ്യന്‍ പറഞ്ഞു, മുരളിയേട്ടന്‍ പറഞ്ഞു വിട്ടയാള്‍ക്ക് ഞാന്‍ ഇത്രയും കൊടുത്താല്‍ പോരാ…എന്റെ ജീവിതം തിരിച്ചു തന്നത് അദ്ദേഹമാണ്!
അയാള്‍ പറഞ്ഞ കഥ ഇങ്ങനെയാണ്,

ഒരു ബിസിനസ്സ് ചെയ്ത് പരാജയപ്പെട്ട് പ്രതിസന്ധിയിലായി നില്‍ക്കവെയാണ്, ഞാന്‍ ഈ സ്ഥാപനം തുടങ്ങുന്നത്, ആധാരം പണയപ്പെടുത്തി എടുത്ത ബാങ്ക് ലോണും, ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ പണവും, വായ്പകള്‍ വേറെയും, ഡല്‍ഹിയിലും ആഗ്രയിലുമൊക്കെ പോയി പെരുന്നാളിന് കച്ചവടം ചെയ്യാന്‍ ചരക്കുകള്‍ എടുത്ത് വന്നതാണ്, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ടാക്‌സ് കാര്‍ പിടിച്ചു, മൂന്നു ലക്ഷം രൂപ അടക്കണമത്രെ! എന്നാലേ സാധനങ്ങള്‍ വിട്ടുകിട്ടൂ. എനിക്ക് തലകറങ്ങി, ഊണും ഉറക്കവും ഇല്ലാതായി, പലതവണ ആ ഓഫിസ് കേറി ഇറങ്ങി, ഈ സാധനങ്ങള്‍ എല്ലാം കൂടി വിറ്റാല്‍ എനിക്ക് മൂന്നു ലക്ഷം കിട്ടില്ല എന്ന് താണു കേണു പറഞ്ഞു, ഞാനും ഭാര്യയും കൂടി ചെന്ന് കരഞ്ഞു നോക്കി. നാട്ടില്‍ ഇടതുപക്ഷക്കാരനായ ഞാന്‍ സഹായം ചോദിച്ച് പലരുടെയും അടുത്ത് ചെന്നു, ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല, ഒരു ലക്ഷം കൈക്കൂലി കൊടുത്ത് പരിഹരിക്കാന്‍ ഏജന്റിനെ കിട്ടി, ഈ സമയം അവരുടെ ചാകരയാണത്രെ, എങ്ങനെയും പണം കൊടുത്ത പെരുന്നാളിന് മുമ്പ് സാധങ്ങള്‍ റിലീസ് ചെയ്യുമെന്ന് അവര്‍ക്കറിയാം പക്ഷെ എന്റെ കയ്യില്‍ ആയിരം രൂപപോലുമില്ല, രണ്ടാഴ്ചക്കകം പെരുന്നാള്‍ വരുന്നു, ഇനിയെന്ത് ചെയ്യും എന്നറിയില്ല.

ആത്മഹത്യയെ കുറിച്ച് ആലോചിച്ചു തുടങ്ങിയ ദിവസങ്ങളിലാണ്, തൊട്ടടുത്ത ടെക്സ്റ്റയില്‍സ് കടക്കാരന്‍ എന്നോട് കെ മുരളീധരനെപ്പോയി കാണാന്‍ പറഞ്ഞത്, ഞാന്‍ കണ്‍ഗ്രസ്സുകാരനല്ല, മുരളിയുടെ ഒരു ബന്ധവുമില്ല, പാര്‍ട്ടിക്കാരുമായി അടുപ്പവുമില്ല.! ഒരു ദിവസം മുഴുവനും തിരിഞ്ഞും മറിഞ്ഞും ആലോചിച്ചു, അവസാനം ഒറ്റക്ക് ഒരു വൈകുന്നേരം വീട്ടില്‍ ചെന്നു, ആള്‍ സ്ഥലത്തില്ല, എപ്പോള്‍ വരുമെന്നും അറിയില്ല, ഞാന്‍ കാത്തിരുന്നു, രണ്ടു മൂന്ന് മണിക്കൂര്‍ എന്നെ അവിടത്തന്നെ കണ്ടപ്പോള്‍ സെക്രട്ടറി എന്താണ് കാര്യം എന്നന്വേഷിച്ചു, കാര്യം പറഞ്ഞപ്പോള്‍ വൈകിയാലും കണ്ടിട്ട് പോയാല്‍ മതി എന്ന് പറഞ്ഞു, അഞ്ചാറു പേര്‍ വേറെയും കാത്തു നില്‍ക്കുന്നുണ്ട്. ഏതാണ്ട് പതിനൊന്ന് മണിയോടെയാണ് അദ്ദേഹം വന്നത്, നല്ല ക്ഷീണിതനാണ്. പക്ഷെ അദ്ദേഹം ഓരോരുത്തരെയായി വിളിപ്പിച്ചു, എന്റെ ഊഴം വന്നു ഞാന്‍ സകല ദൈവങ്ങളെയും വിളിച്ച് അകത്തു കയറി കാര്യം പറഞ്ഞു, ഇടക്ക് ഞാന്‍ വിങ്ങിപൊട്ടിപ്പോയി, അദ്ദേഹം ഒരു സഹോദരനെപ്പോലെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു, ഓഫിസറുടെ പേരും ഓഫിസ് നമ്പറും എഴുതി വാങ്ങി, രാവിലെ പത്ത് മണിക്ക് അവിടെപ്പോകാന്‍ പറഞ്ഞു.

ഉറക്കം വരാത്ത ഒരു രാത്രിക്ക് ശേഷം ഞാന്‍ ടാക്‌സ് ഓഫീസിലെത്തി, ഓഫിസര്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു, കലി തുള്ളി, എന്നെ കള്ളനും കള്ളക്കടത്തുകാരനുമാക്കി ചിത്രീകരിച്ച അതെ ഓഫിസര്‍, പാവമായി അഭിനയിച്ച് കാര്യം നേടാന്‍ നോക്കണ്ട എന്ന് എന്റ്‌റെ ഭാര്യയുടെ കണ്ണീരിനെ പരിഹസിച്ച അതേ മനുഷ്യന്‍.
എന്റെ ബില്ലുകള്‍ എല്ലാം തന്നിട്ട് ഫോട്ടോ കോപ്പി എടുത്തു വരാന്‍ പറഞ്ഞു, ഒറിജിനല്‍ ബില്ലുകള്‍ വാങ്ങി വെച്ച ശേഷം ഒന്ന് രണ്ടു കടലാസുകളില്‍ ഒപ്പിടിച്ചു, പെരുന്നാള്‍ കഴിഞ്ഞു അഞ്ചാം ദിവസം ഇവിടെ എത്തണം എന്ന് നിര്‍ദ്ദേശിച്ചു, പിടിച്ചു വെച്ച സാധനങ്ങള്‍ എല്ലാം റിലീസ് ചെയ്തു തന്നു, സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാതെ ഞാന്‍ അന്ധാളിച്ചു നിന്നു, ദൈവം മുരളീധരന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു, അന്ന് വൈകിട്ട് അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ ആള് സ്ഥലത്തില്ല കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്നറിഞ്ഞു, നിങ്ങള്‍ പെരുന്നാളും കച്ചവടും ഒക്കെ കഴിഞ്ഞിട്ട് വാ എന്ന് പറഞ്ഞു സെക്രട്ടറി തിരിച്ചയച്ചു,

ഞാന്‍ നന്നായി ബിസിനസ്സ് ചെയ്തു, പെരുന്നാള്‍ കഴിഞ്ഞു അഞ്ചാം ദിവസം, ടാക്‌സ് ഓഫീസില്‍ ചെന്നു, അവര്‍ റെസിപ്റ്റ് തന്നു ഫൈനടച്ചു, 18000 രൂപ! എല്ലാം കഴിഞ്ഞ ശേഷം ഞാന്‍ മുരളിയേട്ടനെ കാണാന്‍ പോയി, അദ്ദേഹത്തിന് എന്തെങ്കിലും കൊടുക്കണമല്ലോ, രണ്ടാഴ്ചമുമ്പ് അഞ്ചു പൈസ കയ്യില്‍ ഇല്ലാതിരുന്നപോലല്ല, എന്റ്‌റെ കയ്യില്‍ കച്ചവടം ചെയ്ത കാശുണ്ട്, ഭാര്യയും ഞാനുമാണ് പോയത്, അവളുണ്ടാക്കിയ ഉണ്ണിയപ്പവും കവറില്‍ തരക്കേടില്ലാത്ത ഒരു സംഖ്യയും വെച്ചു, അതിരാവിലെയാണ് പോയത്, അദ്ദേഹത്തെ കണ്ടു നന്ദി പറഞ്ഞു, അദ്ദേഹം ഭാര്യയെ വിളിച്ചു എന്റെ ഭാര്യക്ക് പരിചയപ്പെടുത്തി,അവര്‍ ഉണ്ണിയപ്പം വാങ്ങി, ഏട്ടന് ഉണ്ണിയപ്പം ഇഷ്ടമാണ് കേട്ടോ എന്ന് പറഞ്ഞു, ഞാന്‍ കാശ് കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു, അനിയാ നീ വെച്ചോ, ദൈവം ഈ കണ്ട സൗഭാഗ്യങ്ങളൊക്കെ എനിക്ക് തന്നിട്ടുണ്ട്, എനിക്ക് വോട്ടു ചെയ്യുന്ന ജനങ്ങളെ കഴയാവുന്ന വിധം സഹായിക്കേണ്ടത് എന്റെ ബാധ്യതയാണ്, അതെ ഞാന്‍ ചെയ്തുള്ളൂ…!

അദ്ദേഹം ഞങ്ങളെപ്പറഞ്ഞയച്ചു, ആ വീടിന് മുന്നില്‍ കുറെ നേരം നിന്ന ശേഷം ഞാന്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയെ കണ്ടു, കഥകളൊക്കെ പറഞ്ഞു, കൂട്ടത്തില്‍ ഞാന്‍ അദ്ദേഹത്തോട് ഒരു അഭ്യര്‍ത്ഥന നടത്തി, ആര്‍ക്കെങ്കിലും പിരിവോ സഹായമോ വേണമെങ്കില്‍ എന്റെ അടുത്തേക്ക് പറഞ്ഞു വിടണം, കടയിലെ നമ്പര്‍ കൊടുത്തു. ഒരു കൊല്ലത്തിനിടക്ക് രണ്ട് പേരെ വന്നുള്ളൂ, മൂന്നാമത്തെയാളാണ് നിങ്ങള്‍, ചെറിയ സംഖ്യ മതി കേട്ടോ എന്ന് സെക്രട്ടറി പറഞ്ഞത് കൊണ്ടാണ് ഞാന്‍ രണ്ടായിരത്തില്‍ ഒതുക്കിയത്, ഇനിയും ഒരു നൂറു പേര്‍ക്ക് കൊടുത്താല്‍ പോലും എനിക്ക് മുരളിയേട്ടനോടുള്ള ബാധ്യത തീരില്ല.

ഈ അനുഭവം അന്ന് മുതല്‍ ഞാന്‍ പലരോടും പങ്ക് വെച്ചിട്ടുണ്ട്,
ആദ്യമായാണ് എഴുതുന്നത്.

മുരളിയേട്ടന്‍ വീണ്ടും കോഴിക്കോട്ടേക്ക് വരുമ്പോള്‍ തന്നെയല്ലേ ഇത് പറയേണ്ടത്?