നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: എം.എസ്.എഫ്

ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആസ്പത്രിയിലെ നൂറിലധികം വരുന്ന നഴ്‌സുമാര്‍ ആറ് മാസത്തിലേറെയായി നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മൂന്ന് മന്ത്രിമാരുടെ മൂക്കിന് താഴെ സമരം ചെയ്യുന്ന ഈ മാലാഖമാരെ കാണാനും പരിഹാരമുണ്ടാക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് തഹ്്‌ലിയ ആവശ്യപ്പെട്ടു.

വേതനം വര്‍ധിപ്പിക്കുക, സമരക്കാര്‍ക്കെതിരെ പ്രതികാര നടപടി എടുക്കുന്നത് തടയുക എന്നിവയാണ് നഴ്‌സുമാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. സമരപന്തല്‍ പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ആശുപത്രി മാനേജ്മന്റ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ നിന്ന് പ്രതികൂല വിധി ഉണ്ടായാല്‍ നഴ്‌സിങ് സമൂഹത്തിന് അത് തിരിച്ചടിയാകും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കണം. തൊഴില്‍ ചൂഷണം നേരിടുന്ന നഴ്‌സിങ് സമൂഹത്തിന് നീതി ലഭിക്കാന്‍ ഈ സമരം വിജയിക്കേണ്ടതുണ്ട്. അനിശ്ചിതകാല നിരാഹാരം നടത്തുന്ന യു.എന്‍.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷിന്റേത് നീതിക്കായുള്ള പോരാട്ടമാണ്. മനുഷ്യാവകാശ ധ്വംസനത്തിനും സര്‍ക്കാര്‍ ഇടപെട്ടുണ്ടാക്കിയ ഒത്തു തീര്‍പ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ടും നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പൊതു സമൂഹം കൂടെയുണ്ടാവണമെന്നും തഹ്്‌ലിയ അഭ്യര്‍ത്ഥിച്ചു.

SHARE