പോത്തന്‍കോട്: ഉമ്മ മരിച്ചദിവസവും പരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ത്ഥിനിക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ്. പോത്തന്‍കോട് ലക്ഷ്മിവിലാസം ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനി ഫാത്തിമയാണ് വേദനയ്ക്കിടയിലും വിജയത്തിന്റെ സമ്പൂര്‍ണ്ണ മധുരം നുണഞ്ഞത്.
എസ്.എസ്.എല്‍.സി പരീക്ഷയുടെ അഞ്ചാംദിവസമായിരുന്നു ഫാത്തിമയുടെ ഉമ്മയുടെ മരണം. മരണമുണ്ടാക്കിയ ആഘാതങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥിനി ഹിന്ദി പരീക്ഷക്കെത്തി. പ്രഥമാധ്യാപിക കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഉമ്മ മരിച്ചിട്ട് നിമിഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെന്നറിയുന്നത്.
ഉമ്മ നസീറാബീവി മാര്‍ച്ച് 17നാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഉമ്മയുടെ അസുഖമറിഞ്ഞ് ഗള്‍ഫിലായിരുന്ന പിതാവ് ഷമീറും നാട്ടിലെത്തിയിരുന്നു. മകളുടെ പഠനത്തില്‍ ഏറെ താല്പര്യമുണ്ടായിരുന്ന നസീറ തനിക്ക് എന്തെങ്കിലും സംഭവിച്ചുപോയാലും മോള് നന്നായി പരീക്ഷ എഴുതണമെന്നും പഠിച്ച് ജോലിനേടി ഉപ്പച്ചിയെ നോക്കണമെന്നുമായിരുന്നു അന്ത്യാഭിലാഷമായി പറഞ്ഞിരുന്നത്.
ഉമ്മ പറഞ്ഞ കാര്യം നേടിയെടുത്തതിന്റെ ആത്മസംതൃപ്തിയിലാണ് ഫാത്തിമ. പഠിച്ച് ഡോക്ടറാകണം എന്നാണ് ഈ കൊച്ചുമടുക്കിയുടെ ആഗ്രഹം.