അങ്കമാലി: അങ്കമാലിയില്‍ പെണ്‍കുഞ്ഞ് പിറന്നതിനാല്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞ് അച്ഛന്. സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്ത കുഞ്ഞിന്റെ അച്ഛന് അങ്കമാലി സ്വദേശി ഷൈജു തോമസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 18നാണ് കേസിന് ആസ്പദമായ സംഭവം.
നേപ്പാള്‍ സ്വദേശിനിയാണ് കുഞ്ഞിന്റെ അമ്മ. ഷൈജു തോമസിനൊപ്പം അങ്കമാലിയിലാണ് ഇവര്‍ താമസിക്കുന്നത്. പെണ്‍കുഞ്ഞ് ആയതിനാലാണ് ഷൈജു തോമസ് ക്രൂരമായി പെരുമാറിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയില്‍ ഈ മാസം 18ന് പുലര്‍ച്ചെ നാലിനാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. ഭാര്യയുടെ കൈയില്‍ നിന്നു കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി ഷൈജു കൈകൊണ്ടു രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാള്‍ സ്വദേശിയായ യുവതിയും ഷൈജുവും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമെ ആയിട്ടുള്ളു. നേപ്പാളില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. 9 മാസങ്ങളായി അങ്കമാലിയിലെ വിവിധയിടങ്ങളില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്. 10 മാസം മുന്‍പാണ് ഇവര്‍ ജോസ്പുരത്തു താമസം തുടങ്ങിയത്.
കുഞ്ഞിന്റെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.