കൊച്ചി: അച്ഛന് കൊല്ലാന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നിലയില്‍ നേരിയ പുരോഗതി. അങ്കമാലിയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. കുട്ടി കണ്ണ് തുറക്കാനും കൈ കാലുകള്‍ ചലിപ്പിക്കാനും തുടങ്ങിയതായാണ് വിവരം.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഇന്നലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ശസ്ത്രക്രിയക്കു ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രി അധികൃതരില്‍ നിന്നു ലഭിക്കുന്ന വിവരം. കുട്ടി പലപ്പോഴും കരയാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് ശുഭസൂചനയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആരോഗ്യനിലയില്‍ മാറ്റമുണ്ട്. നേരത്തെ വേദന വരുമ്പോള്‍ മാത്രം കുട്ടി കരയാന്‍ ശ്രമിച്ചിരുന്നു. അതില്‍ നിന്നു വ്യത്യസ്തമായി ശസ്ത്രക്രിയക്കു ശേഷം കുട്ടി കണ്ണ് തുറക്കാനും കൈ കാലുകള്‍ ചലിപ്പിക്കാനും തുടങ്ങി. ആരോഗ്യനില ഇങ്ങനെ തുടരുകയാണെങ്കില്‍ പ്രതീക്ഷയ്ക്കു വകയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
പെണ്‍കുഞ്ഞിനെ ശല്യമായി കണ്ട കണ്ണൂര്‍ ചാത്തനാട്ട് സ്വദേശിയായ ഷൈജു തോമസാണ് വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിച്ചത്. അമ്പത്തിയെട്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലക്കടിച്ചും കട്ടിലിലേക്ക് എറിഞ്ഞുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.