ആണ്‍സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച മകളെ അച്ഛന്‍ കോടാലിക്കൈകൊണ്ട് അടിച്ചു കൊന്നു

ഹൈദരാബാദ്: ആണ്‍സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച മകളെ അച്ഛന്‍ കോടാലിക്കൈകൊണ്ട് അടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ തൊടാല്‍വുള്ളപാഡിലാണ് സംഭവം. ഒരു സ്വകാര്യ കോളേജില്‍ ഫാര്‍മസി വിദ്യാര്‍ഥിനിയായ ടി ചന്ദ്രികയാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. ഞായറാഴ്ചയാണ് ചന്ദ്രികക്ക് 18 വയസ് തികയുന്നത്. ജന്‍മദിനം ആഘോഷിക്കാനാണ് ചന്ദ്രിക വീട്ടിലെത്തിയത്. ഇതിനിടെ താന്‍ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ ബന്ധം കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന കാരണം പറഞ്ഞ് രക്ഷിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തു.

ശനിയാഴ്ച രാവിലെ പെണ്‍കുട്ടി സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നത് പിതാവിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ എറിഞ്ഞുടക്കുകയും മകളെ കോടാലിക്കൈകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ചന്ദ്രികയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

SHARE