ഭാര്യയുമായുള്ള വഴക്ക് ; ഒരു വയസ്സുള്ള കുഞ്ഞിനെ അച്ഛന്‍ എറിഞ്ഞ് കൊന്നു

ഡല്‍ഹി: ഒരു വയസ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞ് കൊന്ന് അച്ഛന്റെ ക്രൂരത. നോയിഡയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ജംഷാദിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. 23ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

സംഭവ ദിവസം തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്ന് ഭാര്യ പറയുന്നു. വഴക്ക് നടക്കുമ്പോള്‍ കുട്ടി തന്റെ മടിയിലായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങള്‍ക്കിടയില്‍ സ്ഥിരമായി തര്‍ക്കങ്ങളുണ്ടായിരുന്നു. സംഭവ ദിവസം വാക്കുതര്‍ക്കം വലിയ വഴക്കിലേക്ക് നീങ്ങി. അതിനിടെ ക്ഷുഭിതനായി ജംഷാദ് കുട്ടിയെ മടിയില്‍ നിന്ന് ബലമായി എടുത്ത് പിന്നീട് തന്റെ നേരെ എറിഞ്ഞു. ഇങ്ങനെ എറിഞ്ഞപ്പോഴാണ് കുട്ടി താഴെ നിലത്തേക്ക് തെറിച്ച് വീണ് തല പൊട്ടിച്ചിതറിയത്. കുട്ടിയുടെ അമ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ശബ്ദം കേട്ട് അയല്‍പ്പക്കത്തുള്ളവര്‍ ഓടിയെത്തി. നിതാരി ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും ഈ സമയത്ത് സ്ഥലത്തെത്തി. ഇവര്‍ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റാനും ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രിയിലേക്ക് പോകും വഴി കുട്ടി മരിച്ചു.

SHARE