‘കോളേജ് പ്രിന്‍സിപ്പാളാണ് മകളെ കൊന്നത്; കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മരിച്ച അഞ്ജുവിന്റെ പിതാവ്

കോട്ടയം: പാലായില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് പിതാവ് ഷാജി. ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതരും പ്രിന്‍സിപ്പാളുമാണ് മകളുടെ മരണത്തിന് ഉത്തരവാദികളെന്നും മരിച്ച അഞ്ജുവിന്റെ പിതാവ് ഷാജി ആരോപിച്ചു. രണ്ടു ദിവസത്തിനുശേഷമാണ് അഞ്ജുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തുന്നത്.

‘കോളേജ് പ്രിന്‍സിപ്പാളാണ് എന്റെ കൊച്ചിനെ കൊന്നത്. മകള്‍ ഒരിക്കലും കോപ്പിയടിച്ചിട്ടില്ല. ഇനി എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും എന്നെ വിളിച്ച് പറയാമായിരുന്നു. ഞാന്‍ വന്ന് അവളെ കൊണ്ടുപോകുമായിരുന്നില്ലേ…’ ഷാജി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുപറഞ്ഞു.

അഞ്ജുവിന്റെ കൈയില്‍നിന്ന് പരീക്ഷാപേപ്പര്‍ പിടിച്ചുപറിക്കുന്നത് സിസിടിവിയില്‍ കാണാമെന്ന് ബന്ധുക്കളും ആരോപിച്ചു. മൃതദേഹം പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് കൊണ്ടുപോയതും പിതാവിനെ കാണിക്കാതിരുന്നതും ദുരൂഹമാണ്. കോപ്പിയടി സ്ഥാപിക്കാന്‍ മൃതദേഹത്തില്‍ പേപ്പറുകള്‍ തിരുകിവെയ്ക്കുമെന്ന് ആശങ്കയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

അഞ്ജുവിന്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന മീനച്ചിലാറ്റില്‍ തെരച്ചില്‍ കഴിഞ്ഞ ദിവസം മുതല്‍ നടത്തിയിരുന്നു. സര്‍വകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേര്‍പ്പുങ്കലിലായിരുന്നു. സെമസ്റ്ററിലെ അവസാന പരീക്ഷ ശനിയാഴ്ചയാണ് നടന്നത്.

പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനിയെ ശാസിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ് അഞ്ജുവിനെ കാണാതായതെന്നും നന്നായി പഠിക്കുന്ന തന്റെ മകള്‍ കോപ്പിയടിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഷാജി പറഞ്ഞു. പോലീസിനു നല്‍കിയ പരാതിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കോളേജ് അധികൃതര്‍ ഗുരുതരമായ അനാസ്ഥ കാട്ടിയതായി ബന്ധുക്കള്‍ ആരോപിക്കുകയും ചെയ്തു. കോപ്പിയടിച്ച് പിടിച്ചെന്ന ആരോപണം സത്യമാണെങ്കില്‍ രക്ഷിതാക്കളെയോ പഠിക്കുന്ന കോളേജ് അധികൃതരെയോ അറിയിക്കാതെ കുട്ടിയെ തനിയെ മടക്കി അയച്ചത് എന്തിനെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.

SHARE