കൊമ്പൊന്നുമാവശ്യമില്ല, മോദി ഒരു ഫാസിസ്റ്റാണ്; തുറന്നടിച്ച് ജാവേദ് അക്തര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഫാസിസ്റ്റാണെന്ന് തുറന്നടിച്ച് ബോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജാവേദ് അക്തര്‍. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറക്കുവേണ്ടി പ്രശസ്ത സംവിധായകന്‍ മഹേഷ് ഭട്ടുമായ നടന്ന അഭിമുഖ സംഭാഷണത്തിലാണ് ജാവേദ് മോദിയുടെ ഫാസിസം വ്യക്തമാക്കിയത്.

മോദി ഒരു ഫാസിസ്റ്റാണ് എന്നു താങ്കള്‍ കരുതുന്നുണ്ടോ എന്നായിരുന്നു മഹേഷ് ഭട്ട് ഉയര്‍ത്തിയ ചോദ്യം
തീര്‍ച്ചയായും, എന്നായിരുന്നു ജാവേദ് അക്തറിന്റെ മറുപടി.

ഫാസിസ്റ്റുകള്‍ക്ക് തലയില്‍ കൊമ്പൊന്നുമുണ്ടാവില്ല. ഫാസിസം എന്നത് ഒരു ചിന്താഗതിയാണ്. ഞങ്ങളാണ് എല്ലാവരെക്കാളും മെച്ചപ്പെട്ടവര്‍ എന്ന ചിന്തയാണ് അവര്‍ക്കുള്ളത്. നമ്മളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇവരാണ്. ഒരു കൂട്ടം ജനങ്ങളെ ഒന്നായി എപ്പോള്‍ വെറുക്കാന്‍ തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങള്‍ ഒരു ഫാസിസ്റ്റാവുന്നു,’ ‘ തീര്‍ച്ചയായും മോദി ഒരു ഫാസിസ്റ്റ് ആണ്, ജാവേദ് അക്തര്‍ പറഞ്ഞു.

ഇന്ത്യ ഇസ്‌ലാമോഫോബിക് ആണോ എന്ന് കരുതുന്നുണ്ടോ എന്ന ചോദ്യമാണ് അഭിമുഖത്തില്‍ സംവിധായകന്‍ മഹേഷ് ഭട്ടിനോട് ചോദിച്ചത്.

2011 സെപ്തംബറില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണമാണ് ലോകവ്യാപകമായി ഇസ്ലാമോഫോബിയ വ്യാപിപ്പിച്ചത്. ഇസ്ലാമോഫോബിയ ഇങ്ങനെ നിര്‍മിച്ചെടുത്ത ഒന്നാണ്. കാരണം ഒരു സാധാരണ ഇന്ത്യക്കാരന്‍ മുസ്‌ലിമിനെ ഭയപ്പെടുന്നതായി എനിക്കു തോന്നുന്നില്ല, ജാവേദ് അക്തര്‍ പറഞ്ഞു.

ഞാന്‍ ഉദ്ദേശിച്ചത് അതുതന്നെയാണ്, ഭട്ട് തുടര്‍ന്നു. ഘടനാപരമായി തന്നെ അത്തരത്തിലുള്ള ഒരു ഭയം രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നാണ്
ഇതിനായി മാധ്യമ പ്രവര്‍ത്തകരടക്കം ഒരുകൂട്ടം രാത്രി പകലാക്കി കൂടെ കൂടുന്നുണ്ട്. തങ്ങളുടെ ചാനലുകള്‍ വഴി അവര്‍ അജണ്ടകള്‍ നടപ്പാക്കുന്നു. അധികാരം നിലനിര്‍ത്താന്‍ അവര്‍ക്ക് ഇത്തരം രീതികള്‍ ആവശ്യമാണ്. ഒപ്പം മുസ്‌ലിം വിദ്വേഷമാണ് ബി.ജെ.പിക്ക് അധികാരത്തില്‍ തുടരാനുള്ള ഏക പിടിവള്ളി. മുസ്‌ലിംകളെ വെറുക്കുകയെന്നത് അത്തരത്തില്‍ ബിജെപിയുടെ ജീവിതമാര്‍ഗമാണ്. നമ്മള്‍ അതിന് മുമ്പില്‍ നിശബ്ദരാവരുത്, മഹേഷ് ഭട്ട് കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരയും പൗരത്വ രജിസ്റ്ററിനെതിരെയും നേരത്തെയും ജാവേദ് അക്തറും മഹേഷ് ഭട്ടും രംഗത്തെത്തിയിരുന്നു.