Chicku Irshad
ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാ ഹസാരെക്കൊപ്പം രാംലീല മൈതാനത്ത് നടത്തിയ സമരത്തില്‍ പങ്കാളിയായതില്‍ ഖേദിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ലോക്പാല്‍ സമരപദ്ധതിയില്‍ നിന്ന് ബിജെപിക്കും മോദിക്കും നേട്ടമുണ്ടാകുമെന്ന് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ പിന്നെ ഞാന്‍ അതിന്റെ ഭാഗമാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു സാമുദായിക ഫാസിസ്റ്റ് സര്‍ക്കാര്‍ ഈ രാജ്യത്തിന്റെ തലയില്‍ വരുമെന്നത് അന്നത്തെ കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതിയെക്കാള്‍ അപകടകരമാണെന്നും പ്രശാന്ത് ഭൂഷന്‍ കുറിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തന മേഖലയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി അദ്ദേഹം തന്നെ കുറിച്ച ട്വീറ്റില്‍, ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ദിലീപ് മണ്ഡല്‍ ഉയര്‍ത്തിയ ചോദ്യത്തോട് മറുപടി പറയുകയായിരുന്നു പ്രശാന്ത് ഭൂഷന്‍.
കോവിഡ് പ്രതിരോധത്തില്‍ ദരിദ്രര്‍ക്കായി പണമെത്തിക്കാനുള്ള പോരാട്ടത്തലാണ് രാഹുല്‍ ഗാന്ധി. കോവിഡ് മഹാമാരിയെക്കുറിച്ച് നമ്മള്‍ക്ക് മുന്നറിയിപ്പ് തന്ന വ്യക്തികളില്‍ ആദ്യത്തെയാളും അദ്ദേഹമായിരുന്നു, അപ്പോള്‍ പ്രധാനമന്ത്രി മോദി നമസ്തേ ട്രംപുമായുള്ള തിരക്കിലായിരുന്നെന്നും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിയില്ലെന്നുമാണ് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തിരുന്നത്. ‘പപ്പു’ എന്ന് പരിഹസിച്ച മനുഷ്യന് നിലവിലെ ബിജെപിക്കാരെപോലെ തലയില്‍ ഓടല്ലെന്നും തലച്ചോറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നെങ്കില്‍ ഇന്ത്യയിലെ സ്ഥിതി എത്രത്തോളം മെച്ചപ്പെടുമെന്ന് സങ്കല്‍പ്പിക്കണമെന്നും. പല നോബല്‍ ജേതാക്കളും ഉപദേശിച്ച എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം വാഗ്ദാനം ചെയ്യുന്ന കോണ്‍ഗ്രസിന്റെ പ്രകടന പത്രിക നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ ഇന്ന് നാം നേരിടുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരിതവും അനാഥത്വവും കാണേണ്ടിയിരുന്നില്ലെന്നും, പ്രശാന്ത് ഭൂഷന്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനു മറുപടിയായാണ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ദിലീപ് മണ്ഡല്‍, കോണ്‍ഗ്രസ് സര്‍ക്കാറിനെ അധികാരത്തില്‍ നിന്നും തള്ളിയിട്ട ലോക്പാല്‍ സമരത്തെ കുറിച്ചു പ്രശാന്ത് ഭൂഷനോട് ചോദിച്ചത്. യുപിഎ സര്‍ക്കാരിനെതിരെ ആര്‍എസ്എസിന്റെ ജനക്കൂട്ടത്തിന് മുന്നില്‍ വേദി സംഘടിപ്പിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാള്‍, അന്ന ഹസാരെ, കിരണ്‍ ബേദി, യോഗേന്ദ്ര യാദവ് എന്നിവരെല്ലാം ആ ദിവസങ്ങള്‍ എന്തായിരുന്നു നടത്തിയത്? അതിലൂടെ രാജ്യത്തിന്റെ തലയില്‍ നരേന്ദ്ര മോദി ഇരിക്കുകയല്ലേ ഉണ്ടായതത്. നിങ്ങള്‍ അതിനുവേണ്ടിയുള്ള അന്തരീക്ഷം ഒരുപാടുണ്ടാക്കി, മറുപടി ട്വീറ്റായി ദിലീപ് മണ്ഡല്‍ കുറിച്ചു.
ഇതോടെയാണ് അണ്ണാ ഹാസാരെയുമൊത്തുള്ള ലോക്പാല്‍ സമരത്തില്‍ ഖേദിച്ച് പ്രശാന്ത് ഭൂഷന്‍ രംഗത്തെത്തിയത്. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ലോക്പാല്‍ പ്രസ്ഥാനത്തില്‍ നിന്ന് ബിജെപിക്കും മോദിക്കും നേട്ടമുണ്ടാകുമെന്ന് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍, പിന്നെ ഞാന്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകില്ലായിരു്ന്നു. ഒരു സാമുദായിക ഫാസിസ്റ്റ് സര്‍ക്കാര്‍ ഈ രാജ്യത്തിന്റെ തലയില്‍ ഇരിക്കുക എന്നത് കോണ്‍ഗ്രസിന്റെ അഴിമതിയെക്കാള്‍ അപകടകരമാണ്, പ്രശാന്ത് ഭൂഷന്‍ മറുപടി നല്‍കി.