പൗരത്വഭേദഗതി ബില്‍: പ്രതിഷേധവുമായി ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ലോങ് മാര്‍ച്ച്

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച്. ഫാറൂഖ് ചുങ്കം വരെയാണ് പ്രതിഷേധ മാര്‍ച്ച്. ഞങ്ങളും തെരുവിലേക്ക് എന്ന് മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടന്നത്.

അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരായി നിയമ നടപടിക്കൊരുങ്ങി മുസ്ലിംലീഗ്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് മുസ്ലിംലീഗിന് വേണ്ടി ഹാജരാവുന്നത്. പൗരത്വ ഭേദഗതി ബില്‍ നിയമവിരുദ്ധവും ഒഴിവാക്കേണ്ടതുമാണെന്ന് ആവശ്യപ്പെട്ടാണ് മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്.

പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി കപില്‍ സിബലുമായി നേരത്തെ മുസ്ലിംലീഗ് ചര്‍ച്ച നടത്തിയിരുന്നു. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബശീര്‍, അബ്ദുല്‍ വഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് കപില്‍ സിബലിനെ കണ്ട് നിയമപരമായ നടപടികളെ കുറിച്ച് ചര്‍ച്ച നടത്തിയത്.

അതേസമയം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ സംഘര്‍ഷം രൂക്ഷമായതോടെ അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചു. അതിനിടെ നടപടിയില്‍ പ്രതിഷേധിച്ച് അസമില്‍ ഉള്‍ഫ് ഇന്ന് ബന്ദ് പ്രഖ്യാപിച്ചു. രണ്ട് സംസ്ഥാനങ്ങളിലുമായി അയ്യായിരം അര്‍ധ സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.

ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ത്രിപുരയിലെ കാഞ്ചന്‍പൂര്‍, മണു എന്നിവിടങ്ങളിലേക്ക് സൈന്യത്തിന്റെ രണ്ടു കോളവും അസമിലെ ബോങ്ങിഗോണില്‍ ഒരു കോളവുമാണ് വിന്യസിച്ചത്. 70 സൈനികരും അവരെ നയിക്കുന്ന ഒന്നോ രണ്ടോ ഓഫീസര്‍മാരുമുള്‍പ്പെടുന്നതാണ് ഒരു കോളം. പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ വ്യോമമാര്‍ഗമാണ് സൈനികരെ എത്തിച്ചത്. കശ്മീരില്‍ നിന്നും കൂടുതല്‍ സൈനികരെ ഇവിടങ്ങളിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്.

അതേ സമയം അസമിലും ത്രിപുരയിലും പ്രതിഷേധം ആളിപ്പടരുകയാണ്. വിദ്യാര്‍ഥി സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഇന്നലെയും ജനങ്ങള്‍ തെരുവിലിറങ്ങി. അഗര്‍ത്തലയില്‍ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തെരുവില്‍ പ്രതിഷേധിക്കുന്ന യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.

SHARE