കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു; മുഖംതിരിച്ച് കേന്ദ്ര സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തുന്ന സമരം അഞ്ചാംദിവസത്തിലേക്ക് കടന്നു.
ഇതോടെ രാജ്യത്തെ പല മാര്‍ക്കറ്റുകളിലും ഭക്ഷ്യസാധനങ്ങളുടെ വരവ് വന്‍തോതില്‍ കുറഞ്ഞു. പഴങ്ങളുടെയും പച്ചക്കറികളുടെയും വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. പഴം, പച്ചക്കറി, പാല്‍ വിതരണം എന്നിവ നിര്‍ത്തി വെച്ച് മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥ ാന്‍, പഞ്ചാബ്, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണു സമരരംഗത്തുള്ളത്.
ഉല്‍പ്പന്നങ്ങള്‍ ഗ്രാമങ്ങളില്‍നിന്നു നഗരത്തിലെത്തിക്കുന്നതു തടഞ്ഞും വിളവെടുത്തവ റോഡിലേക്കു വലിച്ചെറിഞ്ഞും ആയിരക്കണക്കിനു കര്‍ഷകര്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
ഇതുമൂലം മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പച്ചക്കറികള്‍ക്ക് 25 ശതമാനം വിലക്കയറ്റമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വിതരണം ചെയ്യാത്ത പാല്‍ തറയില്‍ ഒഴുക്കിക്കളഞ്ഞതു മൂലം ജയ്പൂരില്‍ മാത്രം ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി. മധ്യപ്രദേശില്‍ പച്ചക്കറിവണ്ടികള്‍ പൊലീസ് സഹായത്തോടെ ഓടിയെങ്കിലും ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ ചന്തകളിലേക്ക് പച്ചക്കറി നല്‍കാതെ സമരത്തില്‍ ഉറച്ചുനിന്നു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കുറഞ്ഞ വേതന പദ്ധതി നടപ്പാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, മാന്യമായ താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 172 കര്‍ഷക സംഘടനകളാണ് ഈ മാസം ഒന്ന് മുതല്‍ പത്ത് ദിവസത്തെ പ്രക്ഷോഭ സമരം തുടങ്ങിയത്.
അതേസമയം സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കര്‍ഷകസമരക്കാര്‍ക്കുനേരെ വെടിവെപ്പുണ്ടായ മധ്യപ്രദേശിലെ മന്‍സോറില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി റാലിയെ അഭിസംബോധന ചെയ്യും.

SHARE