ലക്ഷങ്ങളുടെ കട ബാധ്യത; വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

മാനന്തവാടി: ലക്ഷങ്ങളുടെ കടബാധ്യത മൂലം വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് തൃശിലേരി ആനപ്പാറ ദാസി നിവാസില്‍ പുളിയന്‍കണ്ടി കൃഷ്ണകുമാറി(52)നെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ കൃഷ്ണകുമാറിനെ വീട്ടില്‍ കാണാഞ്ഞതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ നിന്ന് 40 മീറ്റര്‍ അകലെയുള്ള സ്വന്തം തോട്ടത്തില്‍ ദൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

തൃശിലേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ കൃഷ്ണകുമാറിന് നാലര ലക്ഷം രൂപയുടെ കടബാധ്യതയുണ്ട. ഇതിന് പുറമെ കൃഷിയാവശ്യത്തിനായി പലരില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപ കടമായി വാങ്ങിയിട്ടുമുണ്ട്. ഒന്നേ മുക്കാല്‍ ഏക്കര്‍ സ്ഥലമുള്ള ഇയാള്‍ക്ക് ഇതില്‍ 1.30 ഏക്കറും വലയാണ്. എന്നാല്‍ ഇത്തവണത്തെ കൃഷി വന്‍നഷ്ടമായിരുന്നു. എല്ലാ വര്‍ഷവും കൃഷി ഇറക്കുന്ന കൃഷ്ണകുമാറിന് ഇത്തവണയും വന്‍നഷ്ടം സംഭവിക്കുകയായിരുന്നു. അതേസമയം സര്‍ക്കാരില്‍ നിന്നടക്കം കാര്യമായി സാമ്പത്തികസഹായമൊന്നും കൃഷ്ണകുമാറിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

മൃതദേഹം ജില്ലാ ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ; രത്‌നമ്മ. മക്കള്‍: സത്യനാഥന്‍, സുരേന്ദ്രന്‍, മഞ്ജുള, പത്മാവതി. മരുമക്കള്‍: പവിത്രന്‍, ആശ, സോമണ്ണന്‍, അണ്ണയ്യന്‍.

SHARE