കസ്റ്റഡിയിലെടുത്ത ഫാം ഉടമ കിണറ്റില്‍ മരിച്ച നിലയില്‍; വനംവകുപ്പിനെതിരെ ആരോപണവുമായി കുടുംബം

പത്തനംതിട്ട: വനപാലകര്‍ ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടുപോയ ഫാം ഉടമയെ ഫാമിനോട് ചേര്‍ന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം.  അരീയ്ക്കക്കാവ് പടിഞ്ഞാറേചരുവില്‍ മത്തായി(പൊന്നു-39) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് വനംവകുപ്പിനെതിരേ ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.

മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരമറിഞ്ഞ് ആളുകള്‍ കൂടിയതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന വനപാലകര്‍ രക്ഷപ്പെട്ടിരുന്നു. വീട്ടുമുറ്റത്ത് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. മത്തായിയെ വനപാലകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ഷീബ ആരോപിച്ചു. 

അരീയ്ക്കക്കാവിലെ വീട്ടില്‍ നിന്നും ചെവ്വാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് ചിറ്റാര്‍ സ്‌റ്റേഷനിലെ വനപാലകര്‍ മത്തായിയെ കൊണ്ടു പോയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മത്തായിയും മറ്റൊരാളും ചേര്‍ന്ന് ഫാമിലെ വേസ്റ്റ് വനത്തില്‍ നിക്ഷേപിച്ചെന്നാണ് വനപാലകര്‍ പറയുന്നത്. ഇത് ചോദ്യം ചെയ്യാനായാണ് ഇയാളെ കൊണ്ടുപോയതെന്നാണ് വനപാലകരുടെ വിശദീകരണം.

ഫാം സ്ഥിതിചെയ്യുന്ന കുടപ്പന വനമേഖലയിലെ വീട്ടില്‍ താമസക്കാരില്ല. ആറുമണിയോടെ സമീപവാസിയായ ഒരാളിനെ വിളിച്ച് കയറുമായി ഇവിടെയെത്താന്‍ വനപാലകര്‍ ആവശ്യപ്പെട്ടു. പന്നി കിണറ്റില്‍ വീണതായിരിക്കാമെന്ന് കരുതി ഇദ്ദേഹം എത്തിയപ്പോഴാണ് മത്തായി കിണറ്റിനുള്ളില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. നാട്ടുകാരെത്തിയതോടെ വനപാലകര്‍ സ്ഥലത്തു നിന്നും മുങ്ങി. വശംകെട്ടി ഉയര്‍ത്തിയ കിണറ്റില്‍ മത്തായി വീഴാനിടയില്ലെന്നും ഇയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയതാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.