“ആണ്‍കുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഇനി പഠിപ്പിക്കാന്‍ തുടങ്ങും”; വിജയ ചിഹ്നം കാണിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി

ന്യൂഡല്‍ഹി: മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. ഇന്നത്തെ ദിനം പെണ്‍കുട്ടികളുടേതാണെന്നും ഏഴ് വര്‍ഷത്തെ പോരാട്ടം ഫലം കണ്ടുവെന്നും ആശാദേവി പറഞ്ഞു.
തിഹാര്‍ ജയിലിലെ വധശിക്ഷാ നടപടികള്‍ വീട്ടിലിരുന്ന് ടിവിയിലൂടെയാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ നോക്കിക്കണ്ടത്. പ്രതികളെ തൂക്കിലേറ്റിയ ശേഷം പ്രതികരണം ആരാഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോട് അവര്‍ പ്രതികരിച്ചു.

ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. തന്റെ മകള്‍ ഇന്ന് ജീവനോടെയില്ല. അവളെ രക്ഷിക്കാന്‍ തങ്ങള്‍ക്കായില്ല. പക്ഷേ, അവള്‍ക്ക് വേണ്ടി, ഈ രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് വേണ്ടി തനിക്ക് പറയാന്‍ കഴിയും, ഒടുവില്‍ തന്റെ മകള്‍ക്ക് നീതി ലഭിച്ചു, ആശാദേവി പറഞ്ഞു. ഈ രാജ്യത്തെ നിയമസംവിധാനത്തോട് നന്ദിയുണ്ടെന്നും താനൊറ്റയ്ക്കല്ല ഈ പോരാട്ടം നടത്തിയതെന്നും രാജ്യത്തെ നിരവധി സ്ത്രീകള്‍ തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ആശാദേവി പറഞ്ഞു.
രാജ്യത്തെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ സുരക്ഷിതത്വം അനുഭവപ്പെടും. ഇത്തരം കുറ്റകൃത്യത്തിനുള്ള ശിക്ഷ കഠിനമായിരിക്കുമെന്ന് ഇനി ആണ്‍കുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഇനി പഠിപ്പിക്കാന്‍ തുടങ്ങുമെന്നും ആശാദേവി പ്രതികരിച്ചു. ശിക്ഷ പാഠമാകണമെന്ന് നിര്‍ഭയയുടെ അച്ഛനും പ്രതികരിച്ചു.

അതേസമയം, വലിയതോതിലുള്ള നിയമ പോരാട്ടമാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് തടയുന്നതിനായി നടന്നത്. നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കാനുള്ള മരണ വാറണ്ട് പലതവണ റദ്ദുചെയ്യുന്ന സാഹചര്യമുണ്ടായി. നിയമനടപടികളിലൂടെ പരമാവധി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യമായിരുന്നു പ്രതികള്‍ സൃഷ്ടിച്ചത്. 

പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് തടയാന്‍ അര്‍ധരാത്രിയില്‍ സുപ്രീംകോടതിയെ പ്രതികളുടെ അഭിഭാഷകര്‍ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞിരുന്നു. നാലുമണിയോടെ പ്രതികളെ ഉണര്‍ത്തി സുപ്രീം കോടതി ഹര്‍ജി തള്ളയ വിവരം അറിയിച്ചു. തങ്ങളുടെ കുടുംബാംഗങ്ങളെ ഒരിക്കല്‍ കൂടി കാണണമെന്ന പ്രതികളുടെ ആവശ്യം തിഹാര്‍ അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇവരുടെ ആരോഗ്യ പരിശോധനയും മറ്റ് നടപടികളും പൂര്‍ത്തിയാക്കി. ഇതോടെ പുലര്‍ച്ചെ 5.30 ന് നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റി. വിധി നടപ്പാക്കുമ്പോള്‍ സുപ്രീം കോടതിയുടെ സമീപത്ത് നിര്‍ഭയയുടെ അമ്മ ആശാ ദേവിയും ഭര്‍ത്താവും ഉണ്ടായിരുന്നു.

നിര്‍ഭയയുടെ അഭിഭാഷക സീമ സമൃദ്ധിക്കൊപ്പം അമ്മ ആശാ ദേവിയും അച്ഛനും

വ്യാഴാഴ്ച രാവിലെ പ്രതികള്‍ക്ക് വേണ്ടി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കാന്‍ അഭിഭാഷകര്‍ വിചാരണ കോടതിയെ സമീപിച്ചു. എന്നാല്‍ മരണ വാറണ്ട് റദ്ദാക്കില്ലെന്ന് കോടതി നിലപാടെടുത്തു. തുടര്‍ന്ന് ഒമ്പതുമണിയോടെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. എന്നാല്‍ ഹര്‍ജി കോടതി തള്ളി. ഇതിന് പിന്നാലെ സുപ്രീം കോടതിയെ അഭിഭാഷകര്‍ സമീപിച്ചു. അര്‍ധരാത്രി കോടതിമുറി തുറന്ന് പ്രതികള്‍ക്ക് വേണ്ടി പരമോന്നത നീതി പീഠം വീണ്ടും വാദം കേട്ടു. ഇതിനെല്ലാമൊടുവിലാണ് രാജ്യം കാത്തിരുന്ന വിധി നടപ്പിലായത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് തിഹാര്‍ ജയിലിന് പുറത്ത് കൂട്ടംകൂടിയിരിക്കുന്നത്. ഇവരില്‍ പലരും നിര്‍ഭയയ്ക്ക് നീതി തേടി 2012ല്‍ നടന്ന സമരത്തില്‍ പങ്കെടുത്തവരാണ്. പ്രതികളെ തൂക്കിലേറ്റിയ വാര്‍ത്തയെത്തിയതോടെ ജനങ്ങള്‍ ആര്‍പ്പുവിളിച്ചു. നീതി നടപ്പാക്കിയ നീതിപീഠത്തിന് ജനങ്ങള്‍ നന്ദി പറഞ്ഞു.