സുഷമക്കെതിരെ ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്ത്

 

വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്ത്. തങ്ങളെ നേരില്‍ക്കാണാനോ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ഐഎസ് ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ ബന്ധുക്കളുടെ ആരോപണം.

2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് മന്ത്രിയെ കാണാന്‍ ശ്രമിച്ച കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അതിനവസരം പോലും ലഭിച്ചില്ലെന്നാണ് ആരോപണം. ഓഫീസുമായി ബന്ധപ്പെടുമ്പോഴൊക്കെ മന്ത്രി തിരക്കിലാണെന്നും മൃതദേഹ ഭാഗങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുടെ തിരക്കിലാണവര്‍ എന്ന മറുപടിയുമാണ് ലഭിക്കുന്നതെന്ന് ഇറാഖില്‍ കൊല്ലപ്പെട്ട മഞ്ജീന്ദര്‍ സിങ്ങിന്റെ സഹോദരന്‍ ഗുര്‍പീന്ദര്‍ സിങ് ആരോപിച്ചു.

കൊല്ലപ്പെട്ടവരുടെ ശേഷിപ്പുകള്‍ നാട്ടിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രാധാന്യം നല്കുന്നതെന്നും ബാക്കി നടപടികളൊക്കെ അതിനു ശേഷമേ ഉണ്ടാകൂ എന്നുമാണ് വിദേശകാര്യമന്ത്രാലയം നേരെത്തെ പ്രതികരിച്ചത്.

എത്രയും വേഗം തങ്ങളെ കാണാന്‍ മന്ത്രി തയ്യാറായില്ലെങ്കില്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്നാണ് ഗുര്‍പീന്ദറിന്റെ നിലപാട്. തനിക്കൊപ്പം കൊല്ലപ്പെട്ട എല്ലാവരുടെയും കുടുംബാംഗങ്ങളുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. മൃതദേഹശേഷിപ്പുകള്‍ നാട്ടിലെത്തിക്കുംമുമ്പ് മന്ത്രിയെ നേരില്‍ക്കാണണമെന്നാണ് ഇവരുടെ ആവശ്യം. കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും മതിയായ ധനസഹായവും ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

SHARE