പ്രതിഷേധത്തിനിടെ ക്ഷേത്രത്തിലെ ആ ഹിന്ദുമതസ്ഥന്‍ കൊല്ലപ്പെട്ടോ? ആ വാര്‍ത്തയുടെ നിജസ്ഥിതി ഇതാണ്

പട്‌ന: ബിഹാറില്‍ ഡിസംബര്‍ 21 ന് പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.ഈ ഹര്‍ത്താലില്‍ പാട്‌നയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമായും രണ്ട് വാര്‍ത്തകളാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്.
ഒന്നാമത്തേത് പട്‌നയിലെ ഫുല്‍വാരി ഷെരീഫില്‍ നടന്ന പ്രതിഷേധത്തിനിടെ സമരക്കാര്‍ അക്രമാസക്തരാവുകയും അടുത്തുള്ള ശിവക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തി എന്നുമാണ്.
ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ച ഈ ട്വീറ്റുകള്‍ക്ക് നിരവധി റീട്വീറ്റുകളാണ് വന്നത്.

രണ്ടാമതായി വന്ന ആരോപണം പ്രതിഷേധിച്ച മുസ്‌ലിം മതസ്ഥര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഹിന്ദു മതസ്ഥന്‍ മരണപ്പെട്ടു എന്നായിരുന്നു. ഈ ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

എന്നാല്‍ ഈ വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണ് ? രണ്ടു വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ വ്യാജവാര്‍ത്തകളെ പരിശോധിക്കുന്ന ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിങ്ങനെയാണ്.

ഈ വാര്‍ത്തയില്‍ പറയുന്ന ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിട്ടുണ്ട്. എന്നാല്‍ അത് ഇവര്‍ പ്രചരിപ്പിച്ച പോലെയായിരുന്നില്ല. ക്ഷേത്രത്തിനപ്പുറത്തായി ഒരു സെമിത്തേരി ഉണ്ട്. പ്രതിഷേധത്തിനിടെ ഇരു വശത്തേക്കുമുണ്ടായ കല്ലേറിലാണ് അക്രമമുണ്ടായത്.
ഇരു വശങ്ങളിലും ആക്രമമുണ്ടായെന്നത് വസ്തുതയാണ്. എന്നാല്‍ പ്രചരിച്ച വാര്‍ത്തയില്‍ പറഞ്ഞതു പോലെ അമ്പലത്തിനുള്ളിലേക്ക് ആക്രമം നടന്നിട്ടില്ല. മാത്രവുമല്ല ശിവക്ഷേത്രത്തിലേക്കല്ല ആക്രമണം നടന്നത് ഹനുമാന്‍ ക്ഷേത്രത്തിലേക്കാണ്.

ആക്രമണത്തില്‍ ഒരു ഹിന്ദു മതസ്ഥന്‍ കൊല്ലപ്പെട്ടിട്ടുണ്ടോ?

ഡിസംബര്‍ 21 ന് ഉച്ചയോടെയാണ് പ്രതിഷേധം നടത്തിയവരും തടഞ്ഞവരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും കല്ലേറുണ്ടാവുകയും ചെയ്യുന്നത്. സ്ഥലത്ത് ഉടനടി റാപിഡ് ആക്ഷന്‍ പൊലീസ് (ആര്‍.എ. എഫ്) എത്തുകയും ആക്രമണം നിയന്ത്രണ വിധേയമാക്കാന്‍ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. നാലു മണിയോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാവുകയും ചെയ്തു.

സ്ഥലത്തെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍.റഹ്മാന്‍ ആള്‍ട്ട് ന്യൂസിന് നല്‍കിയ വിവരപ്രകാരം ആക്രമണത്തില്‍ ഒരു ഹിന്ദുവും മരണപ്പെട്ടിട്ടില്ല. മാത്രവുമല്ല പ്രതിഷേധം തടഞ്ഞവര്‍ നടത്തിയ കല്ലേറില്‍ ഒമ്പത് മുസ്‌ലീങ്ങള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാള്‍ക്ക് കഴുത്തിന് കാര്യമായ പരിക്കേറ്റതിനാല്‍ ഗുരുതരാവസ്ഥയിലുമാണ്.

സ്ഥലത്ത് നടന്ന സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ലോക്കല്‍ ജേര്‍ണലിസറ്റ് സുജീത് ഗുപ്ത നല്‍കിയ വിവരപ്രകാരം ക്ഷേത്രം അക്രമിക്കല്‍ പ്രതിഷേധക്കാരുടെ ലക്ഷ്യമായിരുന്നില്ല. പ്രതിഷേധക്കാരെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞതു മൂലമാണ് സംഘര്‍ഷം ഉണ്ടാവുന്നത്. ഇത്തരം വ്യാജവാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വലിയ വര്‍ഗീയ സംഘര്‍ഷത്തിനാണ് വഴി വെക്കുക എന്നും ഇദ്ദേഹം പറഞ്ഞു.

SHARE