വ്യാജ ലൈക്കുകളും കമന്റുകളും; സോഫ്റ്റവെയര്‍ കമ്പനികള്‍ക്കെതിരെ ഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്; ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ ലൈക്കുകളും കമന്റുകളും സൃഷ്ടിച്ചതിന് ഉത്തരവാദികളായ സോഫ്റ്റ് വെയര്‍കമ്പനികള്‍ക്കെതിരെ നിയമനടപടിയുമായി ഫെയ്‌സ്ബുക്ക്. സംഭവത്തില്‍ അമേരിക്കയിലും യൂറോപിലും രണ്ട് വ്യത്യസ്ത പരാതികളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ഈ കമ്പനികള്‍ സ്‌പെയിന്റേയും അമേരിക്കയുടേയും നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഫെയ്‌സ്ബുക്ക് പരാതിയില്‍ ആരോപിക്കുന്നു. കമ്പനികള്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നും ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നു.
ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ച് കൈക്കലാക്കി. ഉപയോക്താക്കള്‍ അറിയാതെയാണ് ഇത് ചെയ്തത്. ഇതുവഴി 5500 ല്‍ അധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ മാസ്‌റൂട്ട്8 കൈക്കലാക്കിയതായി ഫെയ്‌സ്ബുക്ക് ആരോപിക്കുന്നു.

കാലിഫോര്‍ണിയയില്‍ നിന്നുള്ള മാസ്‌റൂട്ട് 8 എന്ന സ്ഥാപനത്തിനെതിരെയാണ് ഫെയ്‌സ്ബുക്ക് അമേരിക്കയില്‍ പരാതി നല്‍കിയത്. സ്‌പെയ്‌നില്‍ പ്രവര്‍ത്തിക്കുന്ന എംജിപി25 സൈബറിന്റ് സര്‍വീസസ് എന്ന സ്ഥാപനത്തിനെതിരെയാണ് യൂറോപ്പില്‍ നല്‍കിയ പരാതി.

SHARE