ഷാഫി പറമ്പിലിന് കോവിഡെന്ന് സി.പി.എം നേതാവിന്റെ പോസ്റ്റ്; കോണ്‍ഗ്രസ് നിയമനടപടിക്ക്

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചുവെന്ന് സിപിഎം നേതാവിന്റെ വ്യാജപ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്. പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.ടി സോമരാജാണ് ഇത്തരത്തില്‍ ഷാഫിക്കെതിരെ വ്യാജമായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ‘ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും’ എന്നാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വാളയാറില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ക്ക് വേണ്ടി ഷാഫി ഇടപെട്ടതിന് പിന്നാലെയാണ് ഇത്തരത്തില്‍ പോസ്റ്റിട്ടത്. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി.

കോവിഡ് ഭീതി നിലനില്‍ക്കുമ്പോള്‍ സജീവമായി ഇടപെടുന്ന ഒരു എംഎല്‍എക്കെതിരെ ഇത്തരമൊരു പ്രചാരണം നടത്തിയത് ഗുരുതരമായ കുറ്റമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതേ കുറിച്ച് വി.ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ. ‘ഷാഫി പറമ്പില്‍ എം എല്‍ എ ക്ക് കൊവിഡ് ബാധിച്ചുവെന്ന് ഒരു സിപിഎം നേതാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.

മര്യാദകളുടെ സകല സീമകളും ലംഘിച്ചുകൊണ്ട് സി പി എമ്മുകാര്‍ കോണ്‍ഗ്രസിനെതിരായി ഈ കൊവിഡ് കാലത്ത് വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്. കേരളത്തിലെ എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അനുഭാവികളും ഒറ്റക്കെട്ടായി നിന്ന് ഈ സൈബര്‍ തെമ്മാടികളെ തുരത്തുക തന്നെ ചെയ്യും. കോണ്‍ഗ്രസ് എന്താണെന്ന് ബോധ്യപ്പെടുത്തി തരാം.’ അദ്ദേഹം കുറിച്ചു.

ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെഎസ് ശബരീനാഥന്‍ എംഎല്‍എ നാളെ ഡിജിപിക്ക് പരാതി നല്‍കും.