സൈന്യത്തിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സൈന്യത്തിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞു. പ്രളയക്കെടുതിയില്‍ ആളുകളെ രക്ഷിക്കാന്‍ സൈന്യത്തെ വിളിക്കാത്തതിന് മുഖ്യമന്ത്രിയെ വിമര്‍ശിച്ചാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ഉണ്ണി എസ് നായര്‍ എന്നയാളാണ് മുഖ്യമന്ത്രിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്തത്. മുന്‍ സൈനികനായ ഇയാള്‍ ഇപ്പോള്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍ പ്രവര്‍ത്തിക്കുകയാണ്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, പൊതുജനശല്യം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

‘മുഖ്യമന്ത്രിയോട് ഇന്ത്യന്‍ സൈന്യത്തിന് പറയാനുള്ളത്’ എന്ന തലക്കെട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ വീഡിയോ പ്രചരിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് വീഡിയോയില്‍ ഇയാള്‍ ആവശ്യപ്പെട്ടത്. സംസ്ഥാന ഭരണം നഷ്ടമാകുമെന്ന ഭയം കാരണമാണ് പിണറായി സൈന്യത്തെ വിളിക്കാത്തതെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാറിന് ഒന്നുമറിയില്ലെന്നായിരുന്നു ഇയാളുടെ പ്രസ്താവന.


SHARE