കലാപത്തിനിടെ ഡല്‍ഹി പോലീസ് ദേശീയഗാനം പാടിപ്പിച്ച ഫൈസാന്‍ മരിച്ചു

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം അരങ്ങേറുന്നതിനിടെ നടുറോഡിലിട്ട് അഞ്ച് യുവാക്കളെ ഡല്‍ഹി പോലീസ് അക്രമിച്ച് ദേശീയഗാനം പാടിപ്പിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പരിക്കേറ്റ് ചോരയൊലിച്ച് അവശനിലയില്‍ ആയിരുന്ന യുവാക്കളില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ദ്ദംപുരിയില്‍ നിന്നുള്ള ഫൈസാന്‍ എന്ന ഇരുപത്തിയഞ്ചുകാരനാണ് ജി.ടി.ബി ആസ്പത്രിയില്‍വെച്ച് മരണപ്പെട്ടത്.

കലാപത്തിനിടെ ഫൈസാനെയടക്കം അഞ്ച് പേരോടാണ് പൊലീസ് അതിക്രമം കാണിച്ചത്. അതിക്രൂരമായാണ് പൊലീസുകാര്‍ മര്‍ദിച്ചത്. പരിക്കേറ്റ് നിലത്ത് കിടക്കുന്ന ഫൈസാനുനേരെ ലാത്തി ചൂണ്ടിക്കൊണ്ട് പൊലീസുകാര്‍ ദേശീയഗാനം ആലപിക്കാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. ഒരു പൊലീസുകാരന്‍ പരിക്കേറ്റൊരു യുവാവിന്റെ സ്വകാര്യ ഭാഗത്ത് പൊലീസുകാരന്‍ ബൂട്ടിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കലാപം രൂക്ഷമായ ഫെബ്രുവരി 24നാണ് വീഡിയോ പുറത്തുവന്നത്.

ഫൈസാനെ പരിചയമുള്ളവര്‍ പറഞ്ഞതനുസരിച്ചാണ് തങ്ങള്‍ ആസ്പത്രിയില്‍ എത്തിയെങ്കിലും അവിടെകണ്ടെത്താന്‍ കഴിയാഞ്ഞതോടെയാണ് തങ്ങളെ അവനെ അന്വേഷിച്ച് പൊലീസ് സ്‌റ്റേഷനില്‍ എത്തിയതെന്ന് ഫൈസന്റെ ഉമ്മ പറഞ്ഞു. എന്നാല്‍ രാത്രി ഒരു മണി വരെ സ്‌റ്റേഷനില്‍ കാത്തിരുന്നിട്ടും അവനെ കാണാന്‍ പൊലീസ് അനുവദിച്ചില്ലെന്നും ഉമ്മ പറഞ്ഞു. ഒടുവില്‍ മരണാസന്നനായിരുന്ന സമയത്താണ് അവര്‍ തങ്ങള്‍ക്ക് ഫൈസാനെ വിട്ടുനല്‍കിയതെന്നും ഉമ്മ പറഞ്ഞു. തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ഉമ്മ നടുവീര്‍പ്പിട്ടു.

റോഡില്‍ വീണുകിടന്ന ഇവരെ കൊണ്ട് ദേശീയഗാനം പാടിപ്പിച്ച ശേഷം പൊലീസുകാര്‍ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തുവെന്നും ക്രൂരമായി മര്‍ദിച്ചതായും ഫൈസാന്റെ ബന്ധുക്കള്‍ പറഞ്ഞു. ”ഫൈസാനെയും മറ്റുള്ളവരെയും അതിക്രൂരമായാണ് പൊലീസുകാര്‍ മര്‍ദിച്ചത്. അവനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് തല്ലിച്ചതച്ചത്. അവന്റെ കാലുകള്‍ ഒടിഞ്ഞിരുന്നു. മര്‍ദനത്തില്‍ അവന്റെ ശരീരം മുഴുവന്‍ കരിവാളിച്ച പാടുകളുണ്ടായിരുന്നു. ആദ്യം അവനെ റോഡിലിട്ട് അടിച്ചു. പിന്നെ കസ്റ്റഡിയില്‍ വെച്ചും. എന്നാല്‍ എവിടേക്കാണ് പൊലീസുകാര്‍ അവനെ കൊണ്ടുപോയതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.” ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.

SHARE