ഫൈസല്‍ പരീദിനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ; തെളിവുകള്‍ യുഎഇക്ക് നല്‍കി

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ ഉള്‍പ്പെട്ട ഫൈസല്‍ പരീദിനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ. ദുബൈയിലുള്ള ഫൈസല്‍ ഫരീദിനെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ത്യ യു.എ.ഇക്ക് കൈമാറിയെന്നാണ് വിവരം. കാര്‍ഗോ അയച്ചതിന്റെ ഇന്‍വോയ്‌സ് രേഖകള്‍ക്കൊപ്പം കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണം കടത്താന്‍ യു.എ.ഇയുടെ വ്യാജസീലും എംബ്ലവും ഫൈസല്‍ ഫരീദ് നിര്‍മിച്ചതായും ഇന്ത്യ ആരോപിക്കുന്നുണ്ട്. അതേസമയം, ഇന്നലെ വൈകീട്ട് മുതല്‍ ഫൈസല്‍ ഫരീദിനെ ആര്‍ക്കും ബന്ധപ്പെടാനാകാത്ത സാഹചര്യമാണുള്ളത്. നേരത്തെ, താനല്ല, എന്‍ഐഎ അന്വേഷിക്കുന്ന ഫാസില്‍ പരീദെന്ന് പറഞ്ഞ് ഫൈസല്‍ പരീദ് രംഗത്തെത്തിയിരുന്നു.

അതേസമയം, സ്വര്‍ണകടത്തു കേസില്‍ നടക്കുന്ന അന്വേഷണത്തില്‍ യുഎഇക്ക് സംതൃപ്തി. അന്വേഷണം കോണ്‍സുലേറ്റിനെ പൂര്‍ണമായും കുറ്റവിമുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇ. കേസിലുള്‍പ്പെട്ട ദുബൈയിലെ ഫൈസല്‍ ഫരീദിനെതിരായ നീക്കം ശക്തമായി. ഇന്ത്യന്‍ ജുഡീഷ്യറിയിലും എന്‍.ഐ.എ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളിലും പൂര്‍ണ മതിപ്പാണുള്ളതെന്ന് യു.എ.ഇയുടെ ഇന്ത്യന്‍ സ്ഥാനപതി അഹ്മദ് അല്‍ ബന്ന പ്രതികരിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ തങ്ങളുടെ നയതന്ത്ര കേന്ദ്രം കുറ്റവിമുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ,മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ നീണ്ട 9 മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കസ്റ്റംസ് ആസ്ഥാനത്താണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ശിവശങ്കറിന്റ മൊഴിയില്‍ വൈരുദ്ധ്യമെന്ന് സൂചന. അടുത്ത ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. ശിവശങ്കറും സ്വര്‍ണ കടത്ത് കേസിലെ പ്രതികളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം.

SHARE