കൊടിഞ്ഞി ഫൈസല്‍ വധം: മുഖ്യപ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ മൂന്ന് മുഖ്യപ്രതികളെ പൊലീസ് തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചു. കൊല നടന്ന കൊടിഞ്ഞി ഫാറൂഖ് നഗറില്‍ മുഖം മറച്ച നിലയിലാണ് പ്രതികളെ പൊലീസ് സ്ഥലത്തെത്തിച്ചത്.
കൃത്യം നിര്‍വഹിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശിയും മംഗലം പുല്ലൂണിയില്‍ സ്ഥിരതാമസമായ തടത്തില്‍ സുധീഷ് കുമാര്‍(23) എന്ന കുട്ടാപ്പു, വള്ളിക്കുന്ന് ഒലിപ്രം മുണ്ടിയന്‍കാവ് പറമ്പില്‍ പല്ലാട്ട് ശ്രീകേഷ്(26) എന്ന അപ്പു , തിരൂര്‍ മംഗലം പുല്ലൂണി സ്വദേശികളായ കാരാട്ടുകടവ് കണക്കന്‍ പ്രജീഷ്(30) എന്ന ബാബു എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.

പ്രതികളെ കാണാനായി സംഭവ സ്ഥലത്ത് നിരവധി പേരാണ് എത്തിയത്. കൊലപാതകത്തെ കുറിച്ച് പൊലീസ്് പ്രതികളോട് ആരാഞ്ഞു. സമീപത്തെ ഹോട്ടലിനോട് ചേര്‍ന്നുള്ള റോഡില്‍ വെച്ച് ഫൈസലിനെ വെട്ടിയതും ബൈക്ക് ഓടിച്ചതും തുടങ്ങിയ കാര്യങ്ങള്‍ പ്രതികള്‍ പൊലിസിനോട് വിവരിച്ചതായാണ് വിവരം. തുടര്‍ന്ന് തെളിവെടുപ്പിനായി പ്രതികളെ കൊല നടത്താന്‍ ഗൂഢാലോചന നടത്തിയ തിരൂര്‍ തൃക്കണ്ടിയൂരിലെ സേവാ മന്ദിരത്തിലേക്കും കൊണ്ടുപോയി.