ഫൈസല്‍ ഫരീദ് ന്യൂജെന്‍ സംവിധായകന്റെ ചിത്രത്തിന് പണമിറക്കിയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി ഫൈസല്‍ ഫരീദ് ഒരു ന്യൂജെന്‍ സംവിധായകന്റെ സിനിമക്ക് പണമിറക്കിയെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ നാല് മലയാള സിനിമകള്‍ക്കായി പണമിറക്കിയതായും വിവരമുണ്ട്.
ഒരു മുതിര്‍ന്ന സംവിധായകന്റെയും ന്യൂജെന്‍ സംവിധായകന്റെയും ചിത്രങ്ങള്‍ ഇതില്‍പ്പെടും. ഇവരടക്കം സിനിമാ രംഗത്തെ പലരില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ തേടി. ഫൈസല്‍ തന്ത്രശാലിയായ കുറ്റവാളിയാണെന്നും എന്‍ഐഎ അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ചിത്രങ്ങള്‍ക്കു വേണ്ടി പണമിറക്കിയെങ്കിലും സിനിമാ നിര്‍മാണത്തിന്റെ ഒരുഘട്ടത്തിലും ഫൈസല്‍ ഇടപെട്ടില്ലെന്നാണ് അറിയുന്നത്. ഫൈസലിന്റെ അടുത്ത സുഹൃത്തു വഴിയാണ് പണമെത്തിച്ചത്. സിനിമ വിജയിച്ചാല്‍ പങ്കിടേണ്ട ഓഹരികളെക്കുറിച്ചും ഇയാളാണ് സംസാരിച്ചിരുന്നത്.

ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിനെ അവിടത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുവരാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. പാസ്‌പോര്‍ട്ട് റദ്ദാക്കി ഫൈസലിനെ കസ്റ്റഡിയില്‍ എടുത്ത ദുബായ് പൊലീസ് പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി.

SHARE