കാറോട്ടത്തില്‍ കമ്പക്കാരന്‍, വളര്‍ന്നത് ദുബായില്‍; ഫൈസല്‍ ഫരീദിനെക്കുറിച്ച് അറിയേണ്ടതെല്ലാം…

തൃശൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ പ്രതിയായ ഫൈസല്‍ ഫരീദിന് ഒട്ടേറെ ബിസിനസ് സംരംഭങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ കയ്പപ്പമംഗലം സ്വദേശിയായ ഫൈസല്‍ വളര്‍ന്നത് ദുബായിലാണ്. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം മാത്രമാണ് നാട്ടിലുണ്ടായിട്ടുള്ളത്.

കാറോട്ട മത്സരങ്ങളില്‍ കമ്പക്കാരനായിരുന്നു ഫൈസല്‍ഫരീദ്. ജിമ്മിന്റെ ഉടമയാണ്. സിനിമക്കാരുമായും അടുപ്പമുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടമായിരുന്നെങ്കിലും ആഡംബര ജിം ഉദ്ഘാടനത്തിന് എത്തിയത് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറായിരുന്നു. മലയാളത്തില്‍ നലു സിനിമകള്‍ക്ക് പണം ഇറക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു ന്യൂജെന്‍ സംവിധായകന്റെ സിനിമക്കും പണം ഇറക്കിയത് ഫൈസലായിരുന്നു.

ഫൈസല്‍ വളര്‍ന്നത്് ദുബായിലായിരുന്നു. അറബിക് നന്നായി അറിയാം. സ്വദേശികളുമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍ ഫൈസലിനു നാടുമായി കാര്യമായ ബന്ധമില്ല. മകന്‍ ബിസിനസില്‍ പച്ചപിടിച്ചതോടെ മാതാപിതാക്കള്‍ നാട്ടിലേക്കു മടങ്ങിയെങ്കിലും ഫൈസലിന്റെ നാട്ടിലേക്കുള്ള വരവ് അപൂര്‍വമായിരുന്നു. എന്തെങ്കിലും ചടങ്ങുകള്‍ക്ക് എത്തിയാല്‍പോലും ഉടന്‍ മടങ്ങും. സൗഹൃദങ്ങളുമില്ല.

കാര്‍ പ്രേമിയായിരുന്നുവെങ്കിലും നാട്ടില്‍ വിലകൂടിയ കാറുകള്‍ വാങ്ങിയിടുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ നാട്ടില്‍ നിന്നു ഗള്‍ഫിലെത്തുന്ന ബന്ധുക്കള്‍ക്കു വമ്പന്‍ കാറുകളില്‍ യാത്ര ഒരുക്കിക്കൊടുത്തിരുന്നുവെന്നാണ് വിവരം.

പ്രോസോണ്‍ ഓയില്‍ ഫീല്‍ഡ് ആന്‍ഡ് നാച്വറല്‍ ഗ്യാസ് എന്ന സ്ഥാപനത്തില്‍ ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു ഫൈസലിന്. വീസയും ഈ സ്ഥാപനത്തിന്റെ പേരിലാണ്. സൗദിയിലും പാര്‍ട്ണര്‍ഷിപ്പില്‍ കമ്പനിയുണ്ടായിരുന്നു. എന്നാല്‍ എണ്ണവില ഇടിഞ്ഞതോടെ എല്ലാം പ്രതിസന്ധിയിലായി

മൊബൈല്‍ ഫോണ്‍ മൊത്ത വിതരണ കമ്പനിയില്‍ 7 വര്‍ഷം മുന്‍പു വരെ സെയില്‍സ്മാന്‍ ആയിരുന്നു. കുറെക്കാലം ചില കമ്പനികളുടെ പിആര്‍ഒ ആയും ജോലി ചെയ്തു. അതിനിടെ, കഴിഞ്ഞ വര്‍ഷം ഖിസൈസില്‍ കാര്‍ വര്‍ക്‌ഷോപ് തുടങ്ങി. സമ്പന്നര്‍ താമസിക്കുന്ന റാഷിദിയയില്‍ വില്ലയിലായിരുന്നു താമസവും.

സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി ചേര്‍ന്ന് ദുബായ് കരാമയില്‍ ഫൈസല്‍ ബിസിനസ് ചെയ്തിരുന്നു. കൊമേഴ്‌സ്യല്‍ ബാങ്ക് ഇന്റര്‍നാഷനലില്‍ റിക്കവറി സെക്ഷനില്‍ ജോലി ചെയ്തിരുന്ന സരിത്തുമായി സൗഹൃദത്തിലായെന്നും അങ്ങനെ ഒരുമിച്ചു സംരംഭം തുടങ്ങിയെന്നുമാണു സൂചന.

അതേസമയം, നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം അയയ്ക്കാനായി യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ളതെന്ന മട്ടില്‍ ഫെസല്‍ ഫരീദ് നല്‍കിയ രേഖകള്‍ വ്യാജമെന്നു സംശയം. കോണ്‍സുലേറ്റിന്റെ സീലോ ഒപ്പോ ഉണ്ടായിരുന്നില്ലെന്നാണു കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച സരിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ ബാഗില്‍ നിന്നു കോണ്‍സുലേറ്റിന്റെ വ്യാജമുദ്രകള്‍ കണ്ടെത്തിയിരുന്നു.

സ്വര്‍ണക്കടത്ത് പാഴ്‌സലുകള്‍ വന്ന എമിറേറ്റ്‌സ് വിമാനത്തിന്റെ ജീവനക്കാരെയും യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരെയും അടുത്ത ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യും. ഇന്ന് സ്വപ്‌ന, സന്ദീപ് എന്നിവരുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തും. കേസില്‍ ഇതിനകം പിടിയിലായ പ്രതികളുടെ വീടുകളിലും ഫ്‌ലാറ്റുകളിലും ഇന്നലെ പരിശോധന നടത്തി.

SHARE