അന്തരിച്ച ബോളിവുഡ് നടന് ഇര്ഫാന് ഖാന് ഹൃദയം തൊടുന്ന കുറിപ്പുമായി ഫഹദ് ഫാസില്‍. സാമൂഹ്യമാദ്ധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് ഇര്ഫാന് ഖാന് എന്ന നടന് എങ്ങനെ തന്റെ കരയറിനെ മാറ്റിമറിച്ചു എന്ന് ഫഹദ് പറയുന്നത്. യു.എസില്‍ എഞ്ചിനീയറിങിന് പഠിക്കുന്ന കാലത്തെ അനുഭവമാണ് ഫഹദ് പങ്കുവച്ചത്.
ഫഹദ് ഫാസിലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഏറെക്കാലം മുമ്പാണ്, സത്യത്തില്‍ എനിക്ക് വര്‍ഷം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അമേരിക്കയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ആദ്യ കാലത്താണ്. അങ്ങനെയേ ഓര്മിക്കാനാകുന്നുള്ളൂ. അക്കാലത്തെ ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ അവസരം കിട്ടാത്ത ഒരു ക്യാമ്പസിലായിരുന്നു ഞാന്‍. എല്ലാ വാരാന്ത്യത്തിലും ഞാനും സുഹൃത്ത് നികുഞ്ജും ക്യാംപസിന് അടുത്തുള്ള പാകിസ്താന് ഗ്രോസറിയിലേക്ക് പോയി ഇന്ത്യന്‍ ഡി.വി.ഡികള്‍ വാടകയ്ക്ക് വാങ്ങിക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ കടയുടമ ഖാലിദ് ഭായ് ഞങ്ങള്‍ക്ക് ‘യു ഹോയാ തോ ക്യാ ഹോതാ’ എന്ന സിനിമ സജസ്റ്റ് ചെയ്തു. നസിറുദ്ദീന്‍ ഷാ സംവിധാനം ചെയ്ത സിനിമ എന്നതു മാത്രമാണ് ഞാന്‍ ആദ്യം അതില്‍ ശ്രദ്ധിച്ചത്. അത്തവണ കാണാനായി ആ ഡി.വി.ഡി എടുക്കാന്‍ തീരുമാനിച്ചു. ആ രാത്രി സിനിമ കണ്ടു കുറച്ചു നേരം കഴിയവെ സാലിം രാജബാലി എന്ന കഥാപാത്രം സ്ക്രീനിലേക്ക് കടന്നു വന്നു. ഞാന്‍ നികുഞ്ജിനോട് ചോദിച്ചു. ‘ ആരാണിയാള്‍?’

സ്റ്റൈലിഷായ, സുന്ദരന്മാരായ ഗാംഭീര്യമുള്ള ഒരുപാട് അഭിനേതാക്കളെ കണ്ടിട്ടുണ്ട്. എന്നാല്‍ ‘ഒറിജനല്‍’ ആയ ഒരഭിനേതാവിനെ ആദ്യമായി സ്ക്രീനില്‍ കാണുകയായിരുന്നു. അദ്ദേഹത്തിന്റെ പേരായിരുന്നു ഇര്ഫാന് ഖാന്. അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ ഞാന്‍ താമസിച്ചതായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഭയെ ലോകം തിരിച്ചറിഞ്ഞിരുന്നു. ജുംബ ലാഹിരിയുടെ ‘ദി നെയിംസേക്ക്’ എന്ന പുസ്തകം സിനിമയാകുമ്പോള്‍ അതിലെ അശോക് എന്ന ഖാന്റെ കഥാപാത്രം ഇന്ത്യന്‍ സമൂഹത്തെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഒരു ജനപ്രിയ ഗാനം പോലെയായിരുന്നു ഇര്ഫാന് ഖാന്റെ വളര്‍ച്ച. എല്ലാവരും അത് പാടുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നത് തുടര്‍ന്നു.
മിക്കപ്പോഴും സിനിമയുടെ ആഖ്യാനങ്ങളിലെ ശ്രദ്ധ നഷ്ടപ്പെടുന്നവിധത്തില്‍ ഞാന്‍ ആവേശഭരിതനായി. അല്ലെങ്കില്‍, ഇര്ഫാന് ഖാന് അഭിനയിക്കുന്നുണ്ടെങ്കില്‍ പടത്തിന്റെ കഥ എനിക്കൊരു വിഷയമല്ലാതായി. അഭിനയം എന്തെളുപ്പമാണ് എന്ന തോന്നലാണ് അദ്ദേഹം എന്നിലുണ്ടാക്കിയത്. അങ്ങനെ ഞാന്‍ വിഡ്ഢിയായി. ഇര്ഫാന് ഖാനെ കണ്ടെത്തുന്നതിനിടയില്‍ എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്കു മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു; സിനിമയില്‍ അഭിനയിക്കാന്‍!

പത്ത് വര്‍ഷത്തോളമായി ഞാന്‍ അഭിനയിക്കുകയോ അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയോ ആണ്. ഒരിക്കലും ഇര്ഫാന് ഖാനെ നേരിട്ടു കണ്ടിട്ടില്ല. എനിക്കങ്ങനെ തോന്നിയുമില്ല. എങ്കിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച അഭിനേതാക്കളുമായും സിനിമാ പ്രവര്‍ത്തകരുമായും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. വിശാല്‍ ഭരദ്വാജുമായി സംസാരിച്ചപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ‘മഖ്ബൂലി’നെക്കുറിച്ചാണ്. പ്രിയഘങ്കരനായ സുഹൃത്ത് ദുല്‍ഖര്‍ സല്മാന് ഇര്‍ഫാനൊപ്പം ഞങ്ങളുടെ നാട്ടില്‍ ഷൂട്ട് ചെയ്യുമ്പോള്‍ പോലും, തിരക്കുകള്‍ കാരണം എനിക്കദ്ദേഹത്തെ കാണാനായില്ല. തിരക്കുപിടിച്ച് അദ്ദേഹത്തെ ചെന്നു കാണാന്‍ എനിക്ക് കാരണവും ഉണ്ടായിരുന്നില്ല. ഇന്ന്, അദ്ദേഹവുമായി ഹസ്തദാനം നടത്തുകപോലും ചെയ്തില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ഖേദിക്കുന്നു. ഞാന്‍ ബോംബെയില്‍ പോയി അദ്ദേഹത്തെ കാണേണ്ടതായിരുന്നു.
കുറ്റമറ്റൊരു കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉണ്ടായിരിക്കുന്ന നഷ്ടം എനിക്ക് സങ്കല്പിക്കാനേ ആകൂ. അദ്ദേഹത്തിന്റെ വിയോഗത്താല്‍ ഉണ്ടായിരിക്കുന്ന ശൂന്യത അനുഭവിക്കാന്‍ പോകുന്ന എഴുത്തുകാരെയും സിനിമാ പ്രവര്ത്തകരെയുമോര്ത്ത് എനിക്ക് ദുഃഖം തോന്നുന്നു. അദ്ദേഹത്തില്‍ നിന്ന് വേണ്ടത്ര നമുക്ക് ലഭിച്ചിട്ടില്ല. എന്റെ ഭാര്യ റൂമിലേക്ക് ഓടിവന്ന് ഈ വാര്‍ത്ത എന്നോട് പറഞ്ഞപ്പോള്‍, ഞാന്‍ ഞെട്ടിയെന്ന് പറയുന്നത് കളവായിപ്പോകും; എന്താണോ ചെയ്തു കൊണ്ടിരുന്നത് അതു തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്. ആ ദിവസം കടന്നു പോയി. പിന്നീട് അദ്ദേഹത്തെ കുറിച്ചുള്ള ആലോചനകള്‍ എനിക്ക് നിര്‍ത്താനേ ആയില്ല. ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. എന്റെ കരിയര്‍ അദ്ദേഹത്തിന് കടപ്പെട്ടതാണ് എന്നെനിക്ക് തോന്നുന്നു. അന്ന് ആ ഡി.വി.ഡി എടുക്കുകയും എന്റെ ജീവിതത്തെ മാറ്റിമറിച്ച ആ അഭിനേതാവിനെ കാണുകയും ചെയ്തിരുന്നില്ലെങ്കില്‍ ഞാന്‍ ഇതുവരെ എത്തുമായിരുന്നില്ല.
നന്ദി സര്.
