അമ്പരപ്പിക്കുന്ന ലുക്കില്‍ ഫഹദ്; മാലിക് ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാലിക്കിലെ നടന്‍ ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ പുറത്ത്. ചിത്രത്തിനായി 20 കിലോയോളം ഭാരമാണ് താരം കുറച്ചത്. ഇപ്പോള്‍ മാലിക്കിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ലുക്കിലാണ് താരം എത്തുന്നത്.

പല കാലഘട്ടങ്ങളുടെ കഥ പറയുുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. നേരത്തെ തന്നെ താരം ഭാരം കുറച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ മെലിഞ്ഞിരിക്കുകയാണ് താരം. ഇത് ആദ്യമായിട്ടാണ് ഒരു ചിത്രത്തിനു വേണ്ടി ഫഹദ് ഇത്ര വലിയ പരീക്ഷണം നടത്തുന്നത്. മാലിക്കിന് വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു കുറച്ചുനാളായി ഫഹദ്. എന്തായാലും താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ടേക് ഓഫിന് ശേഷമുള്ള മഹേഷ് നാരായണന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്.

25 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ഫഹദ് ഫാസിലിനൊപ്പം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ബിജു മേനോന്‍, നിമിഷ സജയന്‍ വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ആന്റോ ആന്റണിയാണ് ചിത്രത്തിന്റെ നിര്‍മാണം. ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന മാലിക്കില്‍ സാനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്യും. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുക്കുന്ന ചിത്രം 2020 ഏപ്രില്‍ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തിയറ്ററിലെത്തിക്കും.

SHARE