അധികാരം പിടിക്കാന്‍ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് മോദി; ‘മഹാ’കളി നടന്നത് ഇങ്ങനെ

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനു കളമൊരുക്കാന്‍ കീഴ്വഴക്കങ്ങള്‍ മറികടന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയോഗിച്ചത് സവിശേഷ അധികാരം. ഇന്നലെ പുലര്‍ച്ചെ രാഷ്ട്രപതിഭരണം പിന്‍വലിക്കാനായി കേന്ദ്രമന്ത്രിസഭ ചേരാതെ സവിശേഷ അധികാരം ഉപയോഗിച്ചു മോദി രാഷ്ട്രപതിക്കു ശിപാര്‍ശ നല്‍കുകയായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിനു കേന്ദ്രമന്ത്രിസഭ പിന്നീട് അനുമതി നല്‍കിയാല്‍ മതിയാകും. കേന്ദ്രമന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാം.

പുലര്‍ച്ചെ 5.47നാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്നത്. പിന്നാലെ രാജ്ഭവനില്‍ ഒരുക്കങ്ങള്‍ തിരക്കിട്ടു പൂര്‍ത്തിയാക്കി. അതീവ രഹസ്യമായി ബി. ജെ.പി കേന്ദ്ര നേതൃത്വം നടത്തിയ ഓപറേഷനൊടുവില്‍ എട്ട് മണിയോടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായതോടെയാണ് കോണ്‍ഗ്രസ്എന്‍സിപിശിവസേന നേതാക്കള്‍ വിവരം അറിഞ്ഞത്.

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ശ്രമം നടക്കുന്നതിനിടെ എന്‍.സി.പി നേതാവ് അജിത് പവാറിനെ കൂട്ടു പിടിച്ച് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത് അത്യന്തം നാടകീയമായ നീക്കങ്ങളിലൂടെയായിരുന്നു. സഖ്യസര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടക്കാനിരിക്കെ ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി മുമ്പാകെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത് രാവിലെ 7.30ന്.
വെള്ളിയാഴ്ച രാത്രി മുതല്‍ നടന്ന നാടകീയ നീക്കങ്ങള്‍ ഇപ്രകാരമാണ്.
വെള്ളി രാത്രി ഒമ്പത് മണി അഭിഭാഷകരെ കാണാനെന്ന് പറഞ്ഞ് എന്‍.സി.പി നേതാവ് അജിത് പവാര്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ നിന്നും മുങ്ങുന്നു.
11.45 ഓടെ അജിത് പവാര്‍-ബി.ജെ.പിയുമായി കരാറുണ്ടാക്കുന്നു.
11.55 ഫഡ്‌നാവിസ് പാര്‍ട്ടിയുമായി സംസാരിക്കുന്നു. സേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിലെ ആരും അറിയുന്നതിന് മുമ്പേ സത്യപ്രതിജ്ഞ ചെയ്യാന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുന്നു.
12.30 ശനിയാഴ്ച പുലര്‍ച്ചെ, ഡല്‍ഹിയിലേക്കുള്ള യാത്ര ഗവര്‍ണര്‍ റദ്ദാക്കുന്നു.
2.10 ഗവര്‍ണര്‍ സെക്രട്ടറിയോട് രാഷ്ട്രപതി ഭരണം അസാധുവാക്കാനുള്ള ഓര്‍ഡര്‍ പുറപ്പെടുവിക്കാന്‍ ആവശ്യപ്പെടുന്നു.
5.47 രാഷ്ട്രപതി ഭരണം പിന്‍വലിച്ചതായി ഉത്തരവ് വരുന്നു.
6.30 ഓടെ സത്യപ്രതിജ്ഞക്കായുള്ള തയാറെടുപ്പുകള്‍ നടത്തുന്നു.
വെള്ളിയാഴ്ച 11.45 മുതല്‍ ശനിയാഴ്ച രാവിലെ ഒമ്പത് മണിവരെ അജിത് പവാര്‍ ഫഡ്‌നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും വരെ കൂടെ തന്നെ.
5.30 അജിത് പവാറും ഫഡ്‌നാവിസും രാജ് ഭവനില്‍ എത്തുന്നു.
5.47ന് രാഷ്ട്രപതി ഭരണം പിന്‍വലിച്ചെങ്കിലും ഒമ്പത് മണിക്ക് മാത്രം പുറത്ത് പറയുന്നു.
7.50 സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുന്നു.
8.10 ബ്രേക്കിങ് ന്യൂസായി വാര്‍ത്ത പുറത്ത് വരുന്നു.
രാത്രി ബി.ജെ.പി നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കാന്‍ തീരുമാനം
10-30 ഹര്‍ജി ഇന്ന് 11-30ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു

അതേസമയം, മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജി പരിഗണിക്കുന്ന പരിഗണച്ച സുപ്രീംകോടതി കേസ് നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ അമ്പത് മിനിറ്റ് നീണ്ടുനിന്ന വാദം പൂര്‍ത്തിയായ ശേഷമാണ് നാളെ 10:30 ത്തേക്ക് മാറ്റിയത്.

മഹാരാഷ്ട്രയില്‍ ബി.ജെ.പി അധികാരത്തിലേറിയത് എങ്ങനെയെന്ന് ആരാഞ്ഞ കോടതി ഗവര്‍ണക്ക് മുമ്പാകെ നല്‍കിയ കത്തും നാളെ കോടതിയില്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കി.