മാര്‍ഗ നിര്‍ദേശത്തില്‍ മുസ്‌ലിം ആഘോഷങ്ങള്‍ ഔട്ട്

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയോടെ കേന്ദ്ര ഭരണകൂടം ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിടുന്നതായ ആരോപണങ്ങള്‍ക്കിടെ വിവാദമായ ദേശീയ ജനസംഖ്യാ കണക്കെടുപ്പിന്റെ (എന്‍.പി.ആര്‍) മാര്‍ഗ രേഖയില്‍ നിന്നും മുസ്‌ലിം ഉത്സവങ്ങളെ അപ്പാടെ വെട്ടി. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയാണെന്ന പ്രഖ്യാപനത്തോടെ കേന്ദ്ര സര്‍ക്കാര്‍ അടുത്ത ഏപ്രിലില്‍ രാജ്യ വ്യാപകമായി തുടക്കമിടാനിരിക്കുന്ന എന്‍.പി.ആറിനെ ന്യൂനപക്ഷങ്ങള്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ഇതിന് ആക്കം കൂട്ടുന്നതാണ് എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള 40 പേജു വരുന്ന ഗൈഡ് ലൈനില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളുടെ ചെറുതും വലുതുമായ ഉത്സവങ്ങളെയും ജനന മാസം തിരിച്ചറിയാനുള്ള മാര്‍ഗമായി നല്‍കിയപ്പോള്‍ ഒരു വിഭാഗത്തെ പാടെ അവഗണിച്ചത്.

കാലഗണനക്കുള്ള നിര്‍ദേശത്തില്‍ മുസ്‌ലിംകളുടെ ഉത്സവങ്ങളില്‍പെട്ടതും കേന്ദ്ര സര്‍ക്കാര്‍ അവധി അനുവദിച്ചതുമായ ഈദുല്‍ ഫിത്വര്‍, ഈദുല്‍ അസ്്ഹ, മുഹറം, മീലാദെ ഷരീഫ് തുടങ്ങിയവയെയെല്ലാം പാടെ വെട്ടിയത് ആകസ്മികമല്ല. ഭാവിയില്‍ കേന്ദ്ര ഉത്സവങ്ങളില്‍ നിന്നും ഇവ അപ്പാടെ ഒഴിവാവാന്‍ സാധ്യതയുണ്ട്.

ഫോം എയിലും ബിയിലുമായി 14 തരം വിവരങ്ങളാണ് എന്‍.പി.ആറില്‍ ചോദിക്കുന്നത്.

 1. വ്യക്തിയുടെ പേര് (റേഷന്‍ കാഡിലെയോ, ആധാര്‍, പാന്‍, വോട്ടര്‍തിരിച്ചറിയല്‍, സ്‌കൂള്‍ റെക്കോഡ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ഏതെങ്കിലും ഒന്നിലുള്ളത്), പേരിടാത്തവരാണെങ്കില്‍ ഇന്നയാളുടെ മകനെന്നോ മകളെന്നോ രേഖപ്പെടുത്താം. മുന്‍ രേഖയില്‍ ഉള്‍പ്പെട്ടവരില്‍ മരിച്ചവരെയും താമസം മാറിയവരെയും പ്രത്യേകം രേഖപ്പെടുത്തും.
 2. വ്യക്തിയും കുടുംബ നാഥ/നാഥനുമായുള്ള ബന്ധം,
 3. ആണ്‍/പെണ്‍/മൂന്നാം ലിംഗം,
 4. വൈവാഹിക നില.
 5. ജനന തിയതി (തിയതിയും മാസവും രണ്ടക്കത്തിലും വര്‍ഷം നാലക്കത്തിലും), ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, വോട്ടര്‍ ഐഡി, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവയെല്ലാം ഇതിനായി ഉപയോഗിക്കാം. എന്നാല്‍, ഇവയൊന്നും ഇല്ലാത്തവര്‍ ഏകദേശ കണക്ക് കൊടുക്കാം. ഇക്കാര്യത്തില്‍ വര്‍ഷത്തിന് പുറമെ ഉത്സവങ്ങളുമായി ബന്ധപ്പെടുത്തി മാസം കണ്ടെത്തുന്നതിനാണ് അനക്‌സ് 3 ആയി 35-ാം പേജില്‍ രാജ്യത്തെ ഏതാണ്ട് എല്ലാ ഉത്സവങ്ങളും ഉള്‍പ്പെടുത്തിയത്. അനക്‌സ് അഞ്ചില്‍; ന്യൂ ഇയര്‍ ഡേ, ഗുരു ഗോവിന്ദ് സിംഗ് ജയന്തി, മകര സംക്രാന്തി, പൊങ്കല്‍, റിപ്പബ്ലിക്ക് ഡെ- ജനുവരി, വസന്ത പഞ്ചമി-ജനുവരി, ഫെബ്രുവരി, മഹാറിഷി ദയാനന്ദ സരസ്വതി ജയന്തി, മഹാശിവരാത്രി, ഹോളി – ഫെബ്രുവരി, മാര്‍ച്ച്, ഗുഡി പഡ്‌വ, രാമനവമി-മാര്‍ച്ച്, ഏപ്രില്‍, വൈശാഖി, ബീഹു, മഹാബീര്‍ ജയന്തി, ദുഃഖ വെള്ളി- ഏപ്രില്‍, ബുദ്ധ് പൂര്‍ണിമ- മെയ്, രാത് യാത്ര-ജൂണ്‍, ജൂലൈ, നാഗ പഞ്ചമി, ജന്മാഷ്ടമി, രക്ഷാബന്ധന്‍-ജൂലൈ, ആഗസ്റ്റ്, സ്വാതന്ത്ര്യ ദിനം-ആഗസ്റ്റ്, ഗണേഷ ചതുര്‍ത്ഥി, ആഗസ്റ്റ്, സെപ്തംബര്‍, ഓണം-സെപ്തംബര്‍, ദസറ, ദുര്‍ഗ പൂജ, നവരാത്രി-സെപ്തംബര്‍, ഒക്ടോബര്‍, ഗാന്ധി ജയന്തി-ഒക്ടോബര്‍, ദീപാവലി, ഭായ് ദുജ്, മഹാറിഷി വാല്‍മീകി ജയന്തി, ഛാത്ത് പൂജ, ഗുരു നാനാക്ക് ജയന്തി-ഒക്ടോബര്‍, നവമ്പര്‍, അയ്യപ്പന്‍ വിളക്ക്, ക്രിസ്മസ്-ഡിസംബര്‍ തുടങ്ങി മുസ്‌ലിമേതര ഉത്സവങ്ങളെല്ലാം പറയുന്നുണ്ട്.
  വര്‍ഷം പോലും ഓര്‍മ്മയില്ലാത്തവരില്‍ നിന്ന് വിവര ശേഖരണത്തിന് ഒന്നാം ലോകമഹായുദ്ധം (1914-1918), ദണ്ഡി മാര്‍ച്ച് (1930), ക്വിറ്റ് ഇന്ത്യ (1942), സ്വാതന്ത്ര്യം (1947), ചൈനയുമായുളള യുദ്ധം (1971), ഏഷ്യാഡ് ഗെയിംസ് (1982), ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് നേടിയത് (1983) എന്നിവയെല്ലാം പരിഗണിക്കാമെന്നും അതിലും ലഭിച്ചില്ലെങ്കില്‍ എന്യുമറേറ്റര്‍ സ്വന്തമായി കണക്കാക്കി ഒരു ജനന തിയതി എഴുതാമെന്നും നിര്‍ദേശമുണ്ട്.
 6. ജനന സ്ഥലം, ജില്ല, സംസ്ഥാനം.
 7. പൗരത്വ പ്രഖാപനം. പാസ്‌പോര്‍ട്ട് നമ്പര്‍,
 8. വിദ്യാഭ്യാസ യോഗ്യത,
 9. തൊഴില്‍,
 10. മാതൃഭാഷ എന്നിവയാണ് ഫോം എയില്‍ രേഖപ്പെടുത്തേണ്ടത്.

ഫോം ബിയില്‍ 11. സ്ഥിരം മേല്‍വിലാസവും പിന്‍കോഡും, 12. എത്ര കാലമായി അവിടെ താമസം, ജന്മം മുതലാണോ. 13. മാതാ പിതാക്കളുടെയും ദമ്പതികളുടെയും വിവരം, 14. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, വോട്ടര്‍ ഐ.ഡി നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍. ഇത്രയും വിവരങ്ങള്‍ക്ക് ശേഷം ബയോ മെട്രിക് കൂടി വൈകാതെ ശേഖരിച്ചാല്‍ മാത്രമെ എന്‍.പി.ആര്‍ പൂര്‍ത്തിയാവൂ. രാജ്യത്ത് സ്ഥിരതാമസമുള്ള എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന രജിസ്റ്ററാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍). 1955 ലെ പൗരത്വ ആക്ടും 2003 ലെ പൗരത്വ(പൗരന്മാരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചരിയല്‍ കാര്‍ഡ് നല്‍കലും) നിയമങ്ങളും പ്രകാരമാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.

ഇപ്പോള്‍ പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമം വിജ്ഞാപനം ഇറങ്ങുന്നതോടെ എന്‍.പി.ആറിനും ബാധകമാവുമോയെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 2011 ലെ സെന്‍സസ് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ സമഗ്രമായി പുതുക്കി എന്‍.പി.ആര്‍ തയ്യാറാക്കാനാണ് നിര്‍ദേശം.
എന്‍.പി.ആര്‍ രജിസ്ട്രഷന്‍ പൂര്‍ത്തിയാക്കി ബയോ മെട്രിക്ക് രേഖകള്‍ കൂടി ചേര്‍ത്ത് രാജ്യത്ത് 18 തികഞ്ഞ എല്ലാ പൗരന്‍മാര്‍ക്കും ആധാര്‍ കാഡിന്റെ മാതൃകയില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനാണ് നീക്കം.

SHARE