സഫയെ പോലെ മിടുക്കികളും മിടുക്കന്മാരും തിങ്ങിനിറഞ്ഞ പള്ളിക്കൂടങ്ങളാണ് നമ്മുടേതെന്നും നാമത് തിരിച്ചറിയാതെ പോവുകയോ അല്ലെങ്കില്‍ അംഗീകരിക്കാതിരിക്കുകയോ ചെയ്യുകയാണെന്നുമുള്ള കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് ഫെയ്സ്ബുക് കുറിപ്പ്. ലിജീഷ് കുമാറാണ് കുറിപ്പെഴുതിയത്.
ലിജീഷ് കുമാറിന്റെ കുറിപ്പ് ഇങ്ങനെ:
ഇത് സഫയെക്കുറിച്ചല്ല, രാഹുലിനെക്കുറിച്ചാണ്. എന്നെ അമ്പരപ്പിച്ച് കളഞ്ഞത് അയാളാണ്. സഫയെപ്പോലുള്ള മിടുക്കികളും മിടുക്കന്മാരും തിങ്ങി നിറഞ്ഞ പള്ളിക്കൂടങ്ങളാണ് നമ്മുടേത്. നാമത് പക്ഷേ തിരിച്ചറിഞ്ഞിട്ടില്ല, അഥവാ അറിഞ്ഞാലും നമ്മളതംഗീകരിക്കില്ല. അതുകൊണ്ടാണ് സഫ നമ്മളില്‍ അമ്പരപ്പുണ്ടാക്കുന്നത്. ഇതാ ഒരു സഫ എന്ന് പറഞ്ഞ് നാം കണ്ണു തള്ളുന്നത് !! നാമിന്നോളം കൊടുക്കാന്‍ തയ്യാറാകാഞ്ഞ അവസരങ്ങളുടെ നാമിന്നോളം കയറ്റി ഇരുത്താഞ്ഞ സ്റ്റേജുകളുടെ മുന്നില്‍ താടിക്ക് കൈ കൊടുത്തിരിപ്പുള്ള എത്ര സഫമാരുണ്ടെന്നോ !
ഈ നമ്മള്‍ക്കിടയില്‍ വന്നാണ്, ആരാണ് എന്റെ പ്രസംഗം ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ മുമ്പോട്ട് വരുന്നത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചത്. അതൊരൊന്നൊന്നര ചോദ്യമാണ്. മലപ്പുറത്തെ ഒരു സര്‍ക്കാര്‍ സ്കൂളിന്റെ മുറ്റത്ത് വന്ന് അങ്ങനെ ചോദിക്കുമ്പോള്‍, മുന്നിലെ കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് തന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യാന്‍ കഴിയും എന്ന ഉറച്ച വിശ്വാസമാണ് അയാളെ നയിച്ചത്. ആ ബോധ്യത്തിനാണ് എന്റെ കൈയ്യടി. നാമുയരേണ്ടത് ആ ബോധ്യത്തിലേക്കാണ്. നമ്മുടെ കുട്ടികള്‍ കുട്ടികളല്ല എന്ന ബോധ്യത്തിലേക്ക്.
രാഹുല്‍,
ചോക്ലേറ്റ് എന്ത് മധുരമുള്ള സമ്മാനമാണെന്നോ. ഫോട്ടോവില്‍ കണ്ട എനിക്ക് പോലും സന്തോഷം വന്നു. കുഞ്ഞുങ്ങളോട് ഇന്നവിടെ വെച്ച് സയന്‍സൊക്കെ പറഞ്ഞത് കൊണ്ട് പറയുകയാണ്. ഈ സന്തോഷമുണ്ടല്ലോ, അതങ്ങനെ ചുമ്മാ ഉണ്ടാകുന്നതല്ല. നമുക്ക് സന്തോഷം തരുന്ന ഹോര്‍മോണിന്റെ പേര് സെറോറ്റോനിന്‍ എന്നാണ്. ശരീരത്തില്‍ അതിന്റെ ഉത്പാദനം കൂടുമ്പോള്‍ നാം ഭയങ്കര ഹാപ്പിയായിരിക്കും. സെറോറ്റോനിന്റെ ഉത്പാദനം പെട്ടന്ന് കൂട്ടുന്ന ഒരമിനോ ആസിഡുണ്ട്, ട്രിപ്റ്റോഫാന്‍. ചോക്ലേറ്റില്‍ അതുണ്ട്. ഇനിയുമിനിയും ചോക്ലേറ്റ് പൊതികളുമായി കുഞ്ഞുങ്ങളിലേക്ക് പോകൂ. നിങ്ങളുടെ പരമ്പരയില്‍ ഒരാള്‍ മുമ്പത് ചെയ്തിട്ടുണ്ട്.
പണ്ടൊക്കെ ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍ തുറന്ന് വെച്ച് ഓരോ താള് മറിക്കുമ്പോഴും നെഹ്റുവിനെയും മകളെയും ഞാനിമാജിന് ചെയ്യാന്‍ നോക്കുമായിരുന്നു. പലപ്പഴും ഞാനാഗ്രഹിക്കുന്നത്ര മാധുര്യത്തില്‍ അവര്‍ തെളിഞ്ഞ് വരാറില്ല. ഇന്നെനിക്ക് ഒരു പടം കിട്ടി, ഞാനാഗ്രഹിക്കുന്ന മാധുര്യത്തില്‍. നിങ്ങള്‍ എന്റെ നെഹ്റുവും സഫ ഇന്ദിരയുമാവുന്നു.