പി ജയരാജനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: യുവതിക്ക് ഭീഷണി

കണ്ണൂര്‍: വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായ പി.ജയരാജനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്ക് ഭീഷണി. ഇരിട്ടി സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ‘ഹൃദയം ഇടതുപക്ഷത്തേക്ക് ചാഞ്ഞാണെങ്കിലും വടകരയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാതിരിക്കാന്‍ കഴിയില്ലെന്നും, അതിന് കാരണം അക്രമരാഷ്ട്രീയത്തലവന്‍ ജയിക്കുന്നത് കാണാന്‍ തീരെ ആഗ്രഹമില്ലെന്നുമായിരുന്നു യുവതിയുടെ പോസ്റ്റ്.

ജയരാജന്‍ മനസുവച്ചിരുന്നുവെങ്കില്‍ ഇത്ര രാഷ്ട്രീയകൊലപാതകങ്ങള്‍ കണ്ണൂരിലുണ്ടാവില്ലെന്ന് വിശ്വസിക്കുന്ന ഒരു പെണ്‍കുട്ടി’ ഇതായിരുന്നു ശ്രീലക്ഷ്മി അറക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. ഈ പോസ്റ്റിന് കീഴില്‍ ശ്രീലക്ഷ്മിക്കെതിരേ സിപിഎം അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷം തന്റെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ശ്രീലക്ഷ്മി ആരോപിക്കുന്നത്.

പിനവ്‌നീട് പോസ്റ്റ് ഡിലീറ്റാക്കണമെന്ന് അമ്മ ആവശ്യപ്പെട്ടുവെന്ന് യുവതി പറയുന്നു. ഇല്ലെങ്കില്‍ പ്രശ്‌നമുണ്ടാകുമെന്നും അമ്മ വിളിച്ചുപറഞ്ഞതായി ശ്രീലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍, പോസ്റ്റ് പിന്‍വലിക്കില്ലെന്നും ഒരു പോസ്റ്റിടുമ്പോള്‍തന്നെ അസഹിഷ്ണുത കാണിക്കുന്നവര്‍ക്ക് ആര്‍എസ്എസ്സിന്റെ അസഹിഷ്ണുതയെപ്പറ്റി പറയാന്‍ എന്തധികാരമെന്നും ശ്രീലക്ഷ്മി ചോദിക്കുന്നു.