ഫേസ്ബുക്കിലൂടെ കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി

കല്‍പ്പറ്റ: ഫേസ്ബുക്കിലൂടെ നടി കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗ്ലാദേശിലെ മധുരീപുര്‍ സ്വദേശിയായ സഹിബുള്‍ ഖാനാണ് ഫേസ് ബുക്ക് പ്രേമത്തില്‍ വഞ്ചിതനായത്. പെയിന്റിംഗ് തൊഴിലാളിയായ സഹിബുള്‍ ഖാന്‍ ഫേസ് ബുക്കിലൂടെ വയനാട് മേപ്പാടി സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായി. യുവതി ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ച്ചറായി വെച്ചിരുന്നത് നടി കാവ്യമാധവന്റെ ചിത്രമായിരുന്നു. തന്റെ കാമുകിയുടെ സൗന്ദര്യം നേരില്‍ കാണാന്‍ വയനാട്ടില്‍ എത്തിയപ്പോളാണ് തനിക്ക് പറ്റിയ ചതി സഹിബുള്‍ ഖാന്‍ മനസ്സിലാക്കുന്നത്.

കാമുകിയുടെ ഫോട്ടോയിലെ സൗന്ദര്യത്തില്‍ മതിമറന്ന സഹിബുള്‍ ഖാന്‍ ഒടുവില്‍ നേരിട്ട് കാണണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയ കാമുകി
വയനാട്ടിലെത്തിയാല്‍ നേരിട്ടുകാണാം എന്നു സമ്മതിക്കുകയായിരുന്നു. ഒടുവില്‍ സഹിബുള്‍ ഖാന്‍ മതിയായ രേഖകള്‍ കൈവശമില്ലാതെ രണ്ടും കല്‍പ്പിച്ച് വയനാട്ടിലേക്ക് വണ്ടി കയറി. ബംഗ്ലാദേശില്‍ നിന്ന് പുറപ്പെടുന്നതു മുതല്‍ വയനാട്ടിലെ വീട്ടിലെത്തുന്നതുവരെയുള്ള കാര്യങ്ങള്‍ കാമുകിയുടെ നിര്‍ദ്ദേശപ്രകാരം സഹിബുള്‍ ഖാന്‍ അനുസരിക്കുകയായിരുന്നു.

എന്നാല്‍ തന്റെ സ്വപനസുന്ദരിയുടെ മുഖം കണ്ട് അയാള്‍ തകര്‍ന്നുപോയി. ചതി മനസിലാക്കിയ കാമുകന്‍ തടിതപ്പാന്‍ ശ്രമിച്ചപ്പോഴേക്കും നാട്ടുകാര്‍ ഇയാളെ കയ്യോടെ പിടികൂടിയിരുന്നു. കാമുകിയും കൈ മലര്‍ത്തിയതോടെ സഹിബുള്‍ ഖാന്‍ പൊലീസിന്റെ പിടിയിലായി. മതിയായ യാത്രരേഖകള്‍ കൈയ്യില്‍ ഇല്ലാത്തതിനാല്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വന്നു. ഒടുവില്‍ പുറത്തിറങ്ങി നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും ട്വിസ്റ്റ്.

3 മാസം മുമ്പാണ് സഹിബുള്‍ ഖാന്‍ ജയില്‍ മോചിതനാകുന്നത്. നാട്ടിലേക്ക് തിരിച്ചുപോകാന്‍ ബംഗ്ലാദേശ് എംബസ്സിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. രേഖകള്‍ അയച്ചതായി എംബസിയില്‍ നിന്നും അറിയിപ്പും കിട്ടി. മടക്കയാത്ര സ്വപ്നം കണ്ട് കഴിഞ്ഞ സഹിബുള്‍ ഖാന് ഇത്തവണ തിരിച്ചടി ഉണ്ടായത് തപാല്‍ സമരത്തിന്റെ രൂപത്തില്‍. ആഴ്ചകള്‍ നീണ്ട് നിന്ന തപാല്‍ സമരം ഒത്തുതീര്‍ന്നപ്പോഴേക്കും സഹിബുളിന്റെ യാത്രാരേഖകള്‍ അപ്രതീക്ഷമായിരുന്നു. ഒടുവില്‍ പോലീസ് ഇടപെടലിനെ തുടര്‍ന്ന് എംബസിയില്‍ നിന്നും രണ്ടാമതും യാത്രരേഖകള്‍ അയക്കുന്നതും കാത്തിരിപ്പാണ് ഇരുപത്തിയെട്ടുകാരനായ സഹിബുള്‍ ഖാന്‍.

മേപ്പാടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ സഹിബുള്‍ ഖാന്റെ ജീവിതം. പോലീസുകാര്‍ പിരിവിട്ടാണ് ഭക്ഷണം വാങ്ങി നല്‍കുന്നത്. പോലീസ് ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയിലാണ് ഉറക്കം. കാമുകി വഞ്ചിച്ചെങ്കിലും കേരളത്തിലുള്ളവരോട് സഹിബുള്‍ ഖാന് സ്‌നേഹം മാത്രം.