ബഹുരാഷ്ട്ര കമ്പനികള്‍ ഫേസ്ബുക്ക് ബഹിഷ്‌കരിക്കുന്നു; ഇതുവരെ നഷ്ടം 4.32 ലക്ഷം കോടി- നേരിടുന്നത് വന്‍ പ്രതിസന്ധി

ന്യൂയോര്‍ക്ക്: യു.എസിലെ ബഹുരാഷ്ട്ര കമ്പനികള്‍ പരസ്യം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയതോടെ സാമൂഹിക മാദ്ധ്യമമായ ഫേസ്ബുക്ക് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി. വിദ്വേഷവും തെറ്റിദ്ധാരണാ ജനകവുമായ പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രമുഖ കമ്പനികള്‍ ലോകത്തെ ഏറ്റവും വലിയ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്‌ഫോമിന് പരസ്യം നിഷേധിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ പരസ്യദാതാവായ യൂണിലിവര്‍, സോഫ്റ്റ് ഡ്രിങ് ബീവറേജ് കമ്പനി കൊക്കൊ കോള, വാര്‍ത്താ വിനിമയ കമ്പനി വെറിസോണ്‍ തുടങ്ങിയവര്‍ ഫേസ്ബുക്കിന് തല്‍ക്കാലം പരസ്യം നല്‍കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 8.3 ശതമാനം ഇടിഞ്ഞു. ഏകദേശം 56 ബില്യണ്‍ ഡോളറി(4.23 ലക്ഷം കോടി രൂപ)ന്റെ നഷ്ടമാണ് ഇതുവഴി ഉണ്ടായത്.

ജപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ കോര്‍പറേഷന്‍, യു.എസ് ചോക്കളേറ്റ് നിര്‍മാതാക്കളായ ഹെര്‍ഷീസ് കമ്പനി എന്നിയും ഫേസ്ബുക്ക് ‘ബഹിഷ്‌കരണ’ത്തില്‍ പങ്കാളികളായി. ഈയിടെ യു.എസില്‍ ആരംഭിച്ച സ്‌റ്റോപ് ഹേറ്റ് ഫോര്‍ പ്രൊഫിറ്റ് എന്ന കാംപയിനില്‍ നിന്നാണ് ബഹിഷ്‌കരണത്തിന്റെ ആരംഭം.

ഫേസ്ബുക്ക് അടക്കം എല്ലാ സാമൂഹിക മാദ്ധ്യമങ്ങള്‍ക്കും മുപ്പത് ദിവസത്തേക്ക് പരസ്യം നല്‍കില്ല എന്നാണ് കൊക്കോ കോളയുടെ തീരുമാനം. നിലവിലെ ബഹിഷ്‌കരണ ക്യാംപയിനുമായി തങ്ങളുടെ തീരുമാനത്തിന് ബന്ധമൊന്നുമില്ല എന്നാണ് ഔദ്യോഗിക വിശദീകരണം.

ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡ് യു.എസിലെ മിനിയാപൊളിസില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫേസ്ബുക്കിനും ഇന്‍സ്്റ്റഗ്രാമിനും പരസ്യങ്ങള്‍ നല്‍കരുത് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കമ്പനികളോട് അഭ്യര്‍ത്ഥിച്ചിരുന്നത്. കളര്‍ ഓഫ് ചെയ്ഞ്ച്, നാഷണല്‍ അസോസിയേഷന്‍ ഓഫ് ദ അഡ്വാന്‍സ്‌മെന്റ് ഓഫ് കളേര്‍ഡ് പീപ്പ്ള്‍, സ്ലീപ്പിങ് ഗെയ്ന്റ്, ഫ്രീപ്രസ്, ആന്റി ഡിഫമേഷന്‍ ലീഗ്, കോമ്മണ്‍ സെന്‍സ് മീഡിയ തുടങ്ങിയ സന്നദ്ധ സംഘടനകളാണ് ക്യാംപയിന്‍ ആരംഭിച്ചത്.

ഫേസ്ബുക്ക് വിദ്വേഷവും വംശീയതയും അക്രമവും വളര്‍ത്തുന്നു എന്നായിരുന്നു സന്നദ്ധ സംഘടനകളുടെ ആരോപണം. ഇവ നിയന്ത്രിക്കാന്‍ വേണ്ടി കമ്പനി ഒന്നും ചെയ്യുന്നില്ല എന്നും അവര്‍ കുറ്റപ്പെടുത്തുന്നു. വെള്ളിയാഴ്ച പരസ്യദാതാക്കളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്പനി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ലൈവ് ചോദ്യോത്തര വേള സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പരസ്യ ഉള്ളടക്ക നയത്തില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. ഇതില്‍ കമ്പനികള്‍ തൃപ്തരായിട്ടില്ല.

ഫേസ്ബുക്കിന്റെ പ്രധാനപ്പെട്ട വരുമാന മാര്‍ഗമാണ് പരസ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം പരസ്യങ്ങളില്‍ നിന്നു മാത്രം 69.7 ബില്യണ്‍ ഡോളറാണ് ഫേസ്ബുക്ക് സമ്പാദിച്ചത്.