ഇനി വാട്‌സ് ആപ്പ് ഷോപ്പിങ് കാലം; റിലയന്‍സ് ജിയോയില്‍ ഓഹരികള്‍ വാങ്ങി മാര്‍ക്ക് സക്കര്‍ബര്‍ഗ്

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയിലെ പത്തു ശതമാനം ഓഹരികള്‍ വാങ്ങി ഫേസ്ബുക്ക്. 5.7 ബില്യണ്‍ യു.എസ് ഡോളറിനാണ് (43574 കോടി) മാര്‍ക്ക് സക്കര്‍ബര്‍ഗ് 9.99 ശതമാനം ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. കരാര്‍ പ്രകാരം ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി വര്‍ദ്ധിച്ചു.

വാട്‌സ് ആപ്പ് അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സക്കര്‍ബര്‍ഗിന്റെ നടപടി. ഡിജിറ്റല്‍ പേയ്‌മെന്റ് സേവനത്തിനുള്ള അനുമതി വാട്‌സാപ്പ് നേടിയതിനു പിന്നലെയാണ് ഈ കരാര്‍.

ലോകത്തെ ഒരു ടെക്‌നോളജി കമ്പനി മൈനോരിറ്റി സ്റ്റോക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് ഫേസ്ബുക്ക് നടത്തിയിട്ടുള്ളത്. ജിയോയുടെ സ്വാധീനം പുതിയ സംരഭങ്ങള്‍ക്ക് കരുത്തുപകരുമെന്നും ജിയോയുമായി ചേര്‍ന്ന് കൂടുതല്‍ ജനങ്ങളെ ബന്ധിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു.

സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇന്ത്യന്‍ ഡിജിറ്റല്‍ മീഡിയയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോയുടെ ഓഹരികള്‍ വാങ്ങിയത്. ഫേസ്ബുക്കിന്റെ മെസ്സേജിങ് ആപ്പായ വാട്‌സാപ്പും റിലയന്‍സിന്റെ ജിയോമാര്‍ട്ടും ചേര്‍ന്ന് ഇ-കൊമേഴ്‌സ് ശക്തിപ്പെടുത്താനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

വാട്‌സാപ്പിന് ഇന്ത്യയില്‍ 400 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണുള്ളത്. രാജ്യത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 80 ശതമാനവും വാട്‌സാപ്പ് ഉപയോഗിക്കുന്നവരുമാണ്. അതുകൊണ്ട് വരാനിരിക്കുന്ത് വാട്‌സാപ്പ് ഷോപ്പിങ്ങിന്റെ കാലമാകും. ഡിജിറ്റല്‍ പേമെന്റിന്റെ കാലത്ത് ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവയെ മറികടക്കാനാകും ജനകീയ ആശയവിനിമയ ആപ്പായ വാട്‌സാപ്പ് ജിയോയുമായി ചേര്‍ന്ന് ശ്രമിക്കുക.

2016ല്‍ ആരംഭിച്ച റിലയന്‍സ് ജിയോ അതിവേഗമാണ് ഇന്ത്യന്‍ വിപണി കീഴടക്കിയത്. ലൈവ് ടെലിവിഷന്‍ സേവനമായ ജിയോടിവി, പേമെന്റ് സംവിധാനമായ ജിയോപേ, മ്യൂസിക് സ്ട്രീമിങ് ജിയോസാവന്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ജിയോയ്ക്കുള്ളത്. ഇന്ത്യയില്‍ 900 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണുള്ളത്.

ഫേസ്ബുക് ഇന്ത്യന്‍ ഭാഷകളിലേക്ക് വരാനുള്ള തയ്യാറെടുപ്പുകളും ഇതിനിടെ നടത്തുന്നുണ്ടായിരുന്നു.ഇന്ത്യയിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതല്‍ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ ഫേസ് ബുക്കിലൂടെ ആശയവിനിമയം നടത്താം.