പൗരത്വ ഭേദഗതി നിയമത്തിനെ വിമര്‍ശിച്ച യുവതിയെ വളഞ്ഞിട്ട് ആക്രമിച്ച് സംഘപരിവാര്‍ അനുകൂലികളായവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ട് വി.എച്ച്.പി സംസ്ഥാന കാര്യാലയത്തോട് ചേര്‍ന്ന പാവക്കുളം അമ്പലഹാളില്‍ നടന്ന പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെയാണ് ഒരുകൂട്ടം സ്ത്രീകള്‍ അക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഞ്ജിത ഉമേഷ് എന്ന യുവതിയാണ് പരിപാടിയില്‍ പ്രതിഷേധവുമായി എത്തിയത്.
ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും ‘നിന്നെ വേണമെങ്കില്‍ കൊല്ലാന്‍ മടിക്കില്ലെ’ന്നും ‘നീയൊക്കെ ഹിന്ദുവാണോ?’ എന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുന്നതും ചിലര്‍ സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും ഇറങ്ങിപ്പോകാന്‍ പറയുന്നതും വീഡിയോയില്‍ കാണാം. മുസ്ലിം വിരുദ്ധ പ്രസ്താവനകളും സ്ത്രീകള്‍ നടത്തുന്നുണ്ട്. അക്രമി സംഘത്തിനെതിരെ ഫേസ്ബുക്കില്‍ നിരവധി വിമര്‍ശന കുറിപ്പുകളാണ് പ്രത്യക്ഷപ്പെടുന്നത്.
സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം:
ഈ സ്ത്രീയോട് എനിക്ക് അളവില്ലാത്ത ബഹുമാനം തോന്നുന്നുണ്ട്.പേരിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഞാന്‍ ഇവരെ ‘പോരാളി’ എന്ന് വിശേഷിപ്പിക്കുന്നു.
മതഭ്രാന്തിനൊപ്പം വിഡ്ഢിത്തം കൂടി ചേര്‍ന്നാല്‍ അത് അങ്ങേയറ്റം അപകടകരമായ അവസ്ഥയാണ്. അങ്ങനെയുള്ള ഒരു പറ്റം കുലസ്ത്രീകള്‍ക്കു നടുവിലാണ് ഈ പോരാളി ഒറ്റയ്ക്ക് പൊരുതിനിന്നത്.
ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഒരു ചെറുപതിപ്പാണ് ആ വീഡിയോ എന്ന് പറയാം.പോരാളിയെ കൂട്ടംകൂടി ആക്രമിക്കുന്ന സ്ത്രീകളുടെ മുഖമുദ്ര അസഹിഷ്ണുതയാണ്.പിന്നെ ആവശ്യത്തിലേറെ വെറുപ്പും!
പെണ്മക്കളെ ‘കാക്ക’ സ്പര്‍ശിക്കാതിരിക്കാന്‍ സിന്ദൂരം തൊടും എന്ന് പറയുന്ന ഒരു സ്ത്രീയുടെ മനസ്സിലെ വര്‍ഗീയത എത്രത്തോളമുണ്ടാവുമെന്ന് സങ്കല്‍പ്പിച്ചുനോക്കൂ !
‘അല്ലാഹു’ എന്ന വാക്ക് അങ്ങേയറ്റം വെറുപ്പോടെയാണ് ആ സ്ത്രീ ഉച്ചരിക്കുന്നത്. ഇതുപോലുള്ള ആളുകളാണ് മുസ്ലിം സഹോദരങ്ങള്‍ക്ക് ഒരു കുഴപ്പവും വരില്ല എന്ന് ആണയിട്ടുകൊണ്ടിരിക്കുന്നത്.
”ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം” എന്ന് വേറൊരു കുലസ്ത്രീ പറയുന്നുണ്ട്. ഹിന്ദു ഉണരണം എന്ന പഴയ പല്ലവി തന്നെ. ഹിന്ദുവിനെ കൊല്ലുന്നേ,ഹിന്ദു മരിച്ചേ എന്നൊക്കെയുള്ള കപടവിലാപം തന്നെ…!
അവര്‍ പോരാളിയെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഒരു സെക്കന്റ് പോലും കൊടുക്കുന്നില്ല. ശാരീരികമായി കൈയ്യേറ്റം ചെയ്യുന്നുമുണ്ട്. ഇവര്‍ ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഇതൊക്കെത്തന്നെയല്ലേ? എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക! അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുക !
എന്നാല്‍ നമ്മുടെ പോരാളി വളരെ പക്വതയോടെയാണ് ആ വെല്ലുവിളിയെ തരണം ചെയ്തത്. വെറുപ്പിന്റെ രാഷ്ട്രീയത്തെ അവര്‍ പുഞ്ചിരിയിലൂടെ നേരിട്ടു.
ഒരു മയവുമില്ലാതെ ”നിങ്ങള്‍ക്ക് നാണമില്ലേ?’ എന്ന് ചോദിച്ചു !
എന്ത് ധൈര്യത്തിലാണ് അമ്പലത്തില്‍ കയറിയത് എന്ന് ചോദിച്ചപ്പോള്‍ ”ഞാനും ഒരു ഹിന്ദുവാണ് ” എന്ന് തിരിച്ചടിച്ചു.
ഫാസിസ്റ്റുകള്‍ വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഹിന്ദുക്കള്‍ കേരളത്തില്‍ നന്നെ കുറവാണ്. സെക്യുലറിസം എന്ന വാക്കിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നവരാണ് ഭൂരിഭാഗം പേരും. അവരുടെ പ്രതിനിധിയാണ് ഈ ധീരവനിത. അത്ര എളുപ്പത്തിലൊന്നും ഈ മണ്ണ് അടിയറവ് പറയില്ല !
ഇപ്പോഴും നിക്ഷ്പക്ഷതയുടെയും സ്വാര്‍ത്ഥതയുടെയും മാളങ്ങളില്‍ ഒളിച്ചിരിക്കുന്നവരേ…നിങ്ങള്‍ കണ്ണുതുറന്ന് ഈ പോരാളിയെ കാണൂ…മടയില്‍ ചെന്ന് വേട്ട നടത്തിയ മനുഷ്യസ്ത്രീയെ കാണൂ…മനുഷ്യരാകൂ…