യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനം: എഴുപുന്നയില്‍ ഇന്ന് ഹര്‍ത്താല്‍

തുറവൂര്‍: ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പരിക്കേറ്റതായി പരാതി. സ്ഥാനാര്‍ത്ഥിയായ ഹൈമവതിയെയാണു വീട്ടില്‍ക്കയറി തലയ്ക്കിടിച്ചു പരുക്കേല്‍പ്പിച്ചത്. ഇവര്‍ക്ക് കല്ലുകൊണ്ട് ഇടിയേറ്റതായി പരാതിയില്‍ പറയുന്നു. ഹൈമാവതി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

ഹൈമവതിയുടെ വീടിനു മുന്നിലൂടെ പ്രവര്‍ത്തകര്‍ പ്രകടനമായി പോകുന്നതിനിടെയാണു തര്‍ക്കമുണ്ടായത്. ഹൈമവതിയുടെ മാതാവ് നാരായണി, സി.പി.എം പ്രവര്‍ത്തകരായ സൂരജ്, സി.പി.എം മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തക ബിന്ദു, പഞ്ചായത്ത് അംഗം ജയപ്രകാശ്, ശശി, ദര്‍ശന എന്നിവര്‍ പരുക്കേറ്റ് എറണാകുളം ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. സി.പി.എം ആക്രമണത്തില്‍ പ്രതിഷേധിച്ച് എഴുപുന്നയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കുത്തിയതോട് സി.ഐ. കെ.സജീവിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പ്രദേശത്തു ക്യാംപ് ചെയ്യുന്നുണ്ട്.

SHARE