‘ആ ഷോക്കില്‍ നിന്ന് ഇനിയും മുക്തയായിട്ടില്ല’; നിതിന്‍ ഇനിയില്ലെന്ന് ആതിരയെ അറിയിച്ച ഡോ. ഗീത

കോഴിക്കോട്: ‘എന്റെ കരിയറില്‍ ഇങ്ങനെ ഒരവസ്ഥ നേരിടേണ്ടി വന്നിട്ടില്ല. ആ ഷോക്കില്‍ നിന്ന് ഞാനിപ്പോഴും മുക്തയായിട്ടില്ല’- നിതിന്‍ എന്നെന്നേക്കുമായി പോയി എന്ന് ആതിരയെ അറിയിച്ച ഡോക്ടര്‍ ഗീതയുടെ വാക്കുകളാണിത്. സങ്കീര്‍ണമായ പ്രസവ ശസ്ത്രക്രിയകളേക്കാള്‍ കഠിനമായിരുന്നു ആ ജോലിയെന്ന് ഡോ. ഗീത പറയുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഗൈനക്കളോജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ആണ് ഗീത.

‘ ആശുപത്രിയിലെത്തുമ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ചൊവ്വാഴ്ച രാവിലയോടെ ഹൃദയത്തുടിപ്പില്‍ അല്പം വ്യത്യാസം കണ്ടുതുടങ്ങി. പിന്നെ ഒരു കുഴപ്പവുമില്ലാതെ ആതിരയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കുക എന്നതിനായി മുന്‍ഗണന. അതുകൊണ്ടുതന്നെ വളരെപ്പെട്ടെന്ന് സിസേറിയന്‍ നടത്താന്‍ തീരുമാനിച്ചു. സിസേറിയനുമുമ്പേ ഭര്‍ത്താവിനെ വിളിച്ച് സമ്മതമെടുക്കേണ്ടതുണ്ട്. പക്ഷേ, ‘നിതിന് വയ്യ. ഇപ്പോള്‍ വിളിക്കണ്ട ഞങ്ങള്‍ എല്ലാം സംസാരിച്ചിട്ടുണ്ടെ’ന്ന് ബന്ധുക്കള്‍ ആതിരയെ പറഞ്ഞുമനസ്സിലാക്കി. അപ്പോഴും നിതിന്‍ വിളിച്ചാല്‍ വിളികേള്‍ക്കില്ലെന്ന് ആതിരയ്ക്കറിയില്ലായിരുന്നു’ – അവര്‍ പറഞ്ഞു.

ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റിയ വേളയിലാണ് നിതിന്റെ ആരോഗ്യനിലയെ കുറിച്ച് ആതിരയെ അറിയിക്കുന്നത്. ബുധനാഴ്ച രാവിലെ നിതിന്‍ വെന്റിലേറ്ററിലാണ് എന്നറിയിച്ചപ്പോള്‍ ആതിരയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നീട് തുറന്നുപറയാന്‍ത്തന്നെ തീരുമാനിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ നിതിന്‍ ഇനിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ ആതിരയുടെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ഡോ. ഗീതയെ കെട്ടിപ്പിടിച്ച് വാവിട്ടുകരഞ്ഞു. കണ്ടു നിന്ന എല്ലാവരെയും കണ്ണീരണിയിക്കുന്ന കാഴ്ചയായിരുന്നു അത്.

നിതിനെ സംസ്‌കരിക്കാനായി കൊണ്ടുപോകും മുമ്പ് ആതിരയെ കാണിച്ച വേളയിലും ഡോക്ടര്‍ ഗീത ഒപ്പമുണ്ടായിരുന്നു.

നിതിന്റെ ഭൗതിക ശരീരം ഇന്നലെ രാവിലെ എട്ടരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. അവിടെ നിന്ന് ആംബുലന്‍സ് വഴി കോഴിക്കോട്ടേക്ക് എത്തിക്കുകയായിരുന്നു. പത്തേമുക്കാലോടെയാണ് ആംബുലന്‍സ് മിംസ് ആശുപത്രിയിലെത്തിയത്. മൂന്നു മിനിട്ട് കൊണ്ട് ഹൃദയഭേദകമായ ആ സമാഗമം അവസാനിച്ചു. ഇതൊന്നുമറിയാതെ ആശുപത്രി വാര്‍ഡില്‍ ഉറക്കത്തിലായിരുന്നു നിതിന്റെ ആദ്യത്തെ കണ്‍മണി.

SHARE