ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായി. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 24മുതല്‍ രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കുക. ഏപ്രില്‍ 14 ശേഷം ലോക്ക്ഡൗണ്‍ നീട്ടുന്നത് പുതിയ ഉത്തരവിലൂടെയായിരിക്കും. ഇതില്‍ വിവിധ മേഖലകളില്‍ ഇളവുകള്‍ക്കും സാധ്യതയുണ്ട്.
ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് വിവരം. ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ശനിയാഴ്ച രാവിലെ 11 ന് ആരംഭിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കൂടിക്കാഴ്ചയ്ക്കിടെ സ്വവസതിയിലിരിക്കുന്ന പ്രധാനമന്ത്രി മോദി മാസ്ക് ധരിച്ചാണ് എത്തിയത്. എല്ലാവരേയും വീടുകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കര്‍ശന ഉപദേശം സന്ദേശമെന്നോണമാണ് വെര്‍ച്വല്‍ മീറ്റിങിലും മോദി മാസ്ക് ധരിച്ചത്.
കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താന്‍ ലോക്ക് ഡൗണ്‍ കാര്യക്ഷമമായിരുന്നു എന്ന വിലയിരുത്തലാണ് യോഗത്തില്‍ പൊതുവെ ഉണ്ടായത് എന്നാണ് വിവരം. സംസ്ഥാനങ്ങള്‍ക്ക് സ്ഥിതി തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിന് പകരം പൊതു സ്ഥിതി കണക്കിലെടുത്ത് രാജ്യത്താകെ ലോക്ക് ഡൗണ്‍ തുടരുന്നതാകും ഉചിതമെന്ന അഭിപ്രായത്തിനായിരുന്നു യോഗത്തില്‍ മുന്‍തൂക്കം എന്നാണ് വിവരം.
അതേസമയം, അടുത്ത രണ്ടാഴ്ചത്തെ ലോക്കഡൗണ്‍ കഴിഞ്ഞ മൂന്ന് ആഴ്ചയില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. നേരത്തെ പഞ്ചാബും ഒഡീഷയും ഏപ്രില്‍ 14 ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. നിലവിലെ 21 ദിവസത്തെ അടച്ചുപൂട്ടല്‍ ചൊവ്വാഴ്ച അവസാനിക്കും. രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 7,400 ആയി വര്‍ധിക്കുകയും മരണം 240 ആവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന ആവശ്യം ശക്തമാകുന്നത്.