രാജസ്ഥാനും ലോക്ക്ഡൗണ്‍ നീട്ടി; ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ ഫോട്ടോയെടുക്കുന്നതിന് നിരോധനം

ജയ്പുര്‍: കൊറോണവൈറസ് രാജ്യമൊട്ടാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 ലേക്ക് നീട്ടി രാജസ്ഥാന്‍ സര്‍ക്കാര്‍. നേരത്തെ ഏപ്രില്‍ 14 വരെ കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് രാജസ്ഥാന്‍ സര്‍ക്കാര്‍ നീട്ടുകയായിരുന്നു. രാജസ്ഥാന് പുറമെ പഞ്ചാബും ഒഡീഷയുമാണ് നേരത്തെ നീട്ടിയത്.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നീട്ടുന്നകാര്യത്തില്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നുണ്ട്. ഈ യോഗത്തില്‍ തീരുമാനമുണ്ടാവും. അതേസമയം, കോവിഡ് മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണപാക്കറ്റുകളും റേഷനും വിതരണം ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തുന്നതിന് സംസ്ഥാനത്തുടനീളം രാജസ്ഥാന്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഭക്ഷണവും റേഷനും വിതരണം ചെയ്യുന്നത് ഒരു സേവനമായിട്ടാണ് കാണേണ്ടത്. പ്രചാരണത്തിനും മത്സരത്തിനുമായി ഇതിനെ മാറ്റരുതെന്നും മുഖ്യന്ത്രി അശോക് ഗെഹ്ലോത് പറഞ്ഞു.

‘റേഷനും സൗജന്യ ഭക്ഷണവും പാവപ്പെട്ടവര്‍ക്ക് ലഭിക്കണം. കഴിവുള്ള ആളുകള്‍ അനാവശ്യമായി ഈ പ്രയോജനം നേടരുത്. സര്‍ക്കാരിനെ പൂര്‍ണമായും ആശ്രയിക്കുന്ന നിരാലംബരും ദരിദ്രരുമായ ആളുകള്‍ക്കാണ് ആദ്യം ഭക്ഷണപാക്കറ്റുകള്‍ എത്തിക്കേണ്ടത്. ഭക്ഷ്യ,റേഷന്‍ വിതരണ സമയത്ത് ഫോട്ടോഗ്രഫി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു. യാതൊരു തരത്തിലുള്ള പരസ്യവും പാടില്ല’ അശോക് ഗെഹ്ലോത് പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധ മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 40 പേര്‍ മരിച്ചു. ഇതുവരെ മരിച്ചത് 239 പേരാണ്. അതേസമയം, കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി. ഇതില്‍ 643 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച മാത്രം 800 ഓളം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് ഒറ്റ ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്.

കൊറോണവൈറസിന്റെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് ലോക ആരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ് 1574. ഇന്ത്യയിലെ നിലവിലെ ഏഴിലൊന്ന് കൊവിഡ് കേസുകളും മാഹാരാഷ്ട്രയിലായതിനാല്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി രോഗബാധിതരെ എത്രയും പെട്ടെന്ന് തിരിച്ചറിയുക എന്നതാണ് മഹാരാഷ്ട്ര സര്‍ക്കാരിനു മുന്നിലെ പോംവഴികളിലൊന്ന്.

SHARE