അനുഭവ സമ്പത്ത് സമൂഹനന്മക്ക് ഉപയോഗപ്പെടുത്തണം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: സര്‍വീസ് കാലത്തെ അനുഭവ സമ്പത്ത് സമൂഹനന്മക്ക് ഉപയോഗപ്പെടുത്താന്‍ വിരമിച്ച ജീവനക്കാര്‍ തയാറാവണമെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് ഏഴാം സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. സര്‍ക്കാറിന്റെ നയവൈകല്യം മൂലം സര്‍വ മേഖലയിലും സമൂഹം പ്രതിസന്ധിയിലാണ്. പാവങ്ങളുടെ ആനുകൂല്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതോടൊപ്പം പെന്‍ഷന്‍കാരുടെ അനുകൂല്യങ്ങള്‍ വരെ കവര്‍ന്നെടുക്കുന്ന തരത്തിലേക്ക് ഇത്തരം പരിഷ്‌കാരങ്ങള്‍ മാറി. ഇതിനെതിരെ പടപൊരുതാന്‍ സര്‍വീസ്് പെഷന്‍ഷന്‍കാരുടെ സംഘടിത മുന്നേറ്റം അനിവാര്യമാണ്. സേവന കാലത്ത് നിങ്ങള്‍ നേടിയെടുത്ത ഊര്‍ജ്ജംകൊണ്ട് ഇത്തരം നയവൈകല്യങ്ങളുടെ മുനയൊടിക്കാന്‍ സാധിക്കണം. ഇതിന് മുസ്്‌ലിംലീഗിന്റെ പൂര്‍ണ പിന്തുണയുണ്ടാവും.

പെന്‍ഷനേഴ്‌സ്‌ലീഗ് എന്ന സംഘടനയിലൂടെ സാമൂഹ്യ സേവനം മുഖമുദ്രയാക്കി പ്രവര്‍ത്തന രംഗത്ത് സജീവമാകണം. ഇങ്ങനെ വന്നാല്‍ വരിമിച്ചുവെന്ന തോന്നല്‍ പോലും നമ്മളിലില്ലാതെയാകും. പല രാജ്യങ്ങളിലെയും വിരമിക്കല്‍ കാലാവധി ജീവനക്കാരുടെ ആരോഗ്യത്തിനനുസരിച്ചാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ വളരെ നേരത്തെ തന്നെ വിരമിക്കേണ്ട അവസ്ഥയാണ്. ഇതില്‍ മാറ്റം വരുത്താന്‍ ശ്രമം നടന്നിരുന്നു. പലഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ വന്നതോടെ ഇത് മാറ്റേണ്ടി വന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍. എ അധ്യക്ഷത വഹിച്ചു. സീനിയര്‍ അംഗം മലയില്‍ മുഹമ്മദ് കുട്ടിയെ പി.കെ കുഞ്ഞാലിക്കുട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയായി. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, അഡ്വ. കെ.പി മറിയുമ്മ, ഉമ്മര്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി, പി.കെ.സി അബ്ദുറഹിമാന്‍, യൂസുഫ് വല്ലാഞ്ചിറ, ടി.പി മൂസകോയ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നാനാക്കല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ.എം അബൂബക്കര്‍, എ.കെ സൈനുദ്ദീന്‍, ഖാദര്‍ കൊടവണ്ടി, ഡോ. ഹാറൂണ്‍, ഡോ. നിസാമുദ്ദീന്‍, ആറ്റ മുഹമ്മദ് പ്രസംഗിച്ചു. തുടര്‍ന്നു നടന്ന സെമിനാര്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.എം റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആസാദ് വണ്ടൂര്‍, പി.പി. അലവികുട്ടി മാസ്റ്റര്‍, ഇസ്്മാഈല്‍കുട്ടി മലപ്പുറം, സി.ടി അബ്ദുല്‍ കരീം, എം, സുബൈര്‍ മാസ്റ്റര്‍ പങ്കെടുത്തു.

SHARE