റിയാദ്: ജൂണ്‍ 20 മുതല്‍ സൗദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് വന്‍ തിരിച്ചടി. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാന പ്രകാരം റിസല്‍ട്ട് നെഗറ്റീവ് ആയവര്‍ക്കു മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നല്‍കാനാവൂ എന്ന് ഇന്ത്യന്‍ എംബസി ഉത്തരവിലൂടെ അറിയിച്ചു.
ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് മാത്രമാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ളത്. വന്ദേഭാരത് മിഷന്‍ ദൗത്യത്തിലെ യാത്രക്കാര്‍ക്ക് നിര്‍ബന്ധമില്ല. ഇത് ഇരട്ടത്താപ്പാണ് എന്നും തങ്ങളുടെ യാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അള്ളുവയ്ക്കുകയാണ് എന്നും പ്രവാസികള്‍ പറയുന്നു. ഇതോടെ മെഡിക്കല്‍ എമര്‍ജന്‍സി പോലുള്ള അടിയന്തര ആവശ്യങ്ങള്‍ ഉള്ളവരെ നാട്ടിലെത്തിക്കാനുള്ള കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകളുടെ ശ്രമങ്ങള്‍ പ്രതിസന്ധിയിലായി.
ഇരുപതോളം ചാര്‍ട്ടേഡ് വിമാനങ്ങളാണ് സൗദിയില്‍ നിന്ന് അടുത്തയാഴ്ച പുറപ്പെടാനുള്ളത്. ഇതിനിടയിലാണ് പുതിയ നിബന്ധന നിലവില്‍ വന്നത്. എന്നാല്‍ യാത്രക്കാര്‍ എത്ര സമയം മുമ്പ് ടെസ്റ്റ് നടത്തണം, എങ്ങനെ നടത്തണം എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. എംബസി പുറത്തിറക്കിയ ഉത്തരവിലും ഇതേക്കുറിച്ച് പറയുന്നില്ല. കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാന്‍ സൗദിയില്‍ മൂന്നു ദിവസം മുതല്‍ ഒരാഴ്ച വരെ സമയമെടുക്കുന്നുണ്ട്.
സൗദിയില്‍ പി.സി.ആര്‍ പരിശോധനകള്‍ മാത്രമാണ് ഉള്ളത്. റാപ്പിഡ് ടെസ്റ്റും ആന്‍ഡി ബോഡി പരിശോധയും പതിവില്ല. ലക്ഷണങ്ങൡാത്തവര്‍ക്ക് കോവിഡ് ടെസ്റ്റും നടത്തില്ല. സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് മുപ്പതിനായിരം രൂപയ്ക്ക് മുകളിലാണ് ചെലവ്. ഇതോടെ വിമാനടിക്കറ്റും കോവിഡ് ടെസ്റ്റും അനുബന്ധ ചെലവുകളും അടക്കം ഒരു ലക്ഷത്തോളം രൂപയാണ് ഒരാള്‍ക്ക് ചെലവു വരിക. സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള തുകയാണിത്.
പ്രവാസികളുടെ യാത്ര സര്‍ക്കാര്‍ മനഃപൂര്‍വ്വം മുടക്കുകയാണ് എന്നാണ് ആക്ഷേപം. ഇത്രയധികം തുക മുടക്കി തിരിച്ചുവരാന്‍ കെല്‍പ്പുള്ളവര്‍ ചുരുക്കമാണ്. ഫലത്തില്‍ ചാര്‍ട്ടേഡ് വിമാനയാത്രയുടെ ചിറകരിയുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത് എന്ന വിമര്‍ശനവും ശക്തമാണ്.
25 ലക്ഷത്തോളം മലയാളികളില്‍ കോവിഡ് ബാധിച്ച് ഇതുവരെ 230ലധികം പേരാണ് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. ദിനം പ്രതി ഇത് കൂടി വരികയും ചെയ്യുന്നു.