ന്യൂഡല്‍ഹി: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതില്‍ കര്‍ശന ഉപാധികളുമായി കേന്ദ്രസര്‍ക്കാര്‍. വിസ കാലവധി തീര്‍ന്നവര്‍ക്കും അടിയന്തര സ്വഭാവമുള്ളവര്‍ക്കും മാത്രമേ നിലവില്‍ തിരികെ മടങ്ങാന്‍ കഴിയൂവെന്ന് കേന്ദ്രം വ്യക്തമാക്കി. നോര്‍ക്ക രജിസ്ട്രേഷന് ചെയ്ത എല്ലാ പ്രവാസികള്‍ക്കും തിരികെ മടങ്ങാന്‍ സാധിക്കില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതു പ്രകാരം രണ്ടു ലക്ഷം പേര് മാത്രമാണ് കേന്ദ്രത്തിന്റെ പട്ടികയില്‍ ഉണ്ടാകുക.
കേരളത്തിലേക്കു മടങ്ങാന്‍ 4.14ലക്ഷം പ്രവാസി മലയാളികളാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കര്‍ശന ഉപാധികള്‍ വച്ചതോടെ ഇവരുടെ മടക്കയാത്ര ഉടന്‍ സാദ്ധ്യമാകില്ല. പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള കൂടിയാലോചനകള്‍ നടക്കുന്നുണ്ട് എങ്കിലും ഇതു സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്കും ഇതുവരെയും നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.
എംബസികള്‍ തയ്യാറാക്കുന്ന മുന്‍ഗണനാക്രമം അനുസരിച്ചുള്ള പട്ടിക വഴിയാണ് പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള മടക്കമുണ്ടാക. യു.എ.ഇയില്‍ മാത്രം ഒന്നര ലക്ഷം പേര് മടക്കയാത്രയ്ക്കായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ പാതിയും മലയാളികളാണ്. ഇതില്‍ ഇരുപത് ശതമാനം പേര് കോവിഡ് മൂലം തൊഴില്‍ നഷ്ടമായവരാണ്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ സിംഹഭാഗവും മലയാളികളാണ്.