ഗള്‍ഫ് സാധാരണനിലയിലേക്ക്; കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റിവെച്ച് മലയാളികള്‍

ദുബായ്: കേരളത്തില്‍ കോവിഡ് പിടിമുറുക്കുകയും ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങുകയും ചെയ്യുന്നതിനിടെ കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റിവെച്ച് മലയാളികള്‍.

യുഎഇയില്‍ നിന്നു ദിവസേന 10 സര്‍വീസുകള്‍ വരെ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ മാത്രം. ഖത്തറില്‍ നിന്നു നിലവില്‍ വന്ദേഭാരത് വിമാനങ്ങള്‍ മാത്രമാണ് ഇന്ത്യയിലേക്കുള്ളത്. ബഹ്‌റൈനില്‍ നിന്നു നാട്ടിലേക്കു മടങ്ങാനുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. സൗദിയിലും കുവൈത്തിലും ഒമാനിലും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്രക്കാരില്ല.
ഇന്ത്യയിലേക്കു മടങ്ങാന്‍ യുഎഇയില്‍ 5.46 ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 2.06 ലക്ഷം മാത്രമാണു യാത്ര തിരിച്ചത്. ഖത്തറില്‍ പൊതുഗതാഗത സംവിധാനങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ള മേഖലകള്‍ സജീവമായി. സെപ്റ്റംബര്‍ ഒന്നിന് സ്‌കൂളുകളില്‍ പഠനം പുനരാരംഭിക്കും.

കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ പ്രവേശനാനുമതിയും ഉണ്ട്.അതേസമയം, കേരളത്തില്‍നിന്നു ഗള്‍ഫിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് പല സംഘടനകളും.

SHARE