പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് വെറും വാഗ്ദാനങ്ങള്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാമെന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍

ദുബായ് : വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ചെലവ് കേരള സര്‍ക്കാര്‍ വഹിക്കുമെന്ന പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയില്ലെന്ന് ആക്ഷേപം. ഇപ്രകാരം നടപ്പിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്ന് യു.എ.ഇയിലെ കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇന്‍കാസ് ആരോപിച്ചു.

ധനമന്ത്രി തോമസ് ഐസക്കിന്റെ നേരത്തെ നടന്ന യു.എ.ഇ സന്ദര്‍ശനത്തിലും ബജറ്റിലും മറ്റും 2019 ജൂലൈ മുതല്‍ ഈ സേവനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം ഇതുവരെ നടപ്പിലായില്ലെന്ന് മാത്രമല്ല ഇതേക്കുറിച്ച് അറിയാത്ത പോലെയാണ് ധനമന്ത്രിയുടെ ഇപ്പോഴത്തെ സമീപനമെന്നും ഇന്‍കാസ് യു.എ.ഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളോട് പറഞ്ഞ ഒരു കാര്യം പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. നടപ്പിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഇനിയെങ്കിലും പ്രഖ്യാപിക്കുന്നത് അവസാനിപ്പിക്കണമെന്നും പുന്നക്കന്‍ പറഞ്ഞു. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരിച്ചു പോകുന്ന മലയാളികള്‍ക്ക് ആറു മാസത്തെ ശമ്പളം നല്‍കുമെന്ന് പറഞ്ഞ മുഖ്യമന്തി ഇപ്പോള്‍ അതും മറന്നു പോയി. അതുപോലെയാണ് പ്രവാസിയുടെ മൃതദേഹത്തിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് അദേഹം ആരോപിച്ചു.

ഒക്ടോബര്‍ നാല്, അഞ്ച് തിയതികളിലായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും യു.എ.ഇ സന്ദര്‍ശിക്കാനിരിക്കെയാണ് പ്രവാസ ലോകത്ത് ഈ വിഷയത്തില്‍ പ്രതിഷേധം പുകയുന്നത്. അതേസമയം ലോക കേരള സഭയുടെ നിക്ഷേപ സംഗമത്തിന്റെ പേരും പറഞ്ഞ് ദുബായിലേക്ക് എത്തുന്ന മുഖ്യമന്ത്രി പാര്‍ട്ടി ചാനലിന്റെ എന്‍.ആര്‍.ഐ അവാര്‍ഡില്‍ പങ്കെടുക്കാനാണ് എത്തുന്നതെന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ദുബായ് ജിദ്ദാഫിലെ ഒരു ആഡംബര പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒക്ടോബര്‍ അഞ്ച് ശനിയാഴ്ചയാണ് എ.ആര്‍.ഐ ബിസിനസ് അവാര്‍ഡ് മീറ്റ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഗുണം ഇത്തരത്തില്‍ പാര്‍ട്ടിക്കും പാര്‍ട്ടി ചാനലിനും മാത്രമാണെന്നും വിമര്‍ശനമുണ്ട്.

SHARE