പ്രവാസി ക്വാറന്റീന്‍ വിഷയം; കേന്ദ്രം അടിയന്തര തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി


പ്രവാസി ക്വാറന്റീന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ദിവസങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിക്കണമെന്നാണ് ആവശ്യം. അതേസമയം, ക്വാറന്റീന്‍ വിഷയത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇന്നും ഹൈക്കോടതിയില്‍ ഏറ്റുമുട്ടി.

സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസത്തെ നിരീക്ഷണം വേണമെന്നാണ് മാനദണ്ഡമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ഇളവ് തേടിയെന്ന് സംസ്ഥാനം തിരിച്ചടിച്ചു. ഓരോ സംസ്ഥാനങ്ങളും അവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ മാനദണ്ഡങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ പ്രതിരോധത്തിന്റെ താളം തെറ്റും. സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് പ്രവാസികളുടെ ക്വാറന്റീന്‍ പ്രോട്ടോക്കോള്‍ തയാറാക്കിയതെന്നും കേന്ദ്രം നിലപാടെടുത്തു.

അതേസമയം, വിദേശത്ത് നിന്ന് വരുന്നവരുടെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഏഴു ദിവസം ആക്കുന്നതില്‍ അനുകൂല തീരുമാനം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സംസ്ഥാനത്തിന്റെ മറുപടി. വീട്ടില്‍ പോയാലും ഇവര്‍ ക്വാറന്റീനില്‍ തുടരുമെന്നും ഇവര്‍ ക്വാറന്റീനില്‍ തുടരുമെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍ അടിയന്തരമായി തീരുമാനമെടുക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

SHARE