ഐക്യം ഊട്ടിയുറപ്പിക്കാന്‍ പ്രതിപക്ഷം; തിങ്കളാഴ്ച ഡല്‍ഹിയില്‍ കക്ഷി നേതാക്കളുടെ യോഗം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിച്ച, അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള ജനവിധിയില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, പ്രതിപക്ഷ കക്ഷികളുടെ വിശാല കൂട്ടായ്മ വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട സമീപനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ കക്ഷി നേതാക്കളുടെ യോഗം തിങ്കളാഴ്ച ചേരും. എല്‍.ജെ.ഡി നേതാവ് ശരത് യാദവ് ആണ് ഡല്‍ഹിയില്‍ യോഗം വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വരുന്നതും ചൊവ്വാഴ്ചയാണ്.

ബി.ജെ.പി വിരുദ്ധ നിലപാടുകളുടെ 17 പ്രതിപക്ഷ കക്ഷികളാണ് നിലവില്‍ വിശാല മുന്നണിയുടെ ഭാഗമായിട്ടുള്ളത്. ഈ കക്ഷികളുടെ പ്രതിനിധികളും നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, തെലുങ്കു ദേശം പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍.സി.പി, ഡി.എം.കെ തുടങ്ങിയ കക്ഷികളുടെ നേതാക്കളും യോഗത്തിനെത്തിയേക്കും.

മമതാ ബാനര്‍ജി, മായാവതി, ശരത് പവാര്‍, എം.കെ സ്റ്റാലിന്‍, ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടന്ന, താരതമ്യേന വലിയ സംസ്ഥാനങ്ങളായ രാജസ്ഥാനും മധ്യപ്രദേശും നിലവില്‍ ബി.ജെ.പി ഭരണത്തിലുള്ളവയാണ്. ഇതില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. താരതമ്യേന ചെറിയ സംസ്ഥാനമായ മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി പ്രവചിക്കുന്നുണ്ടെങ്കിലും ഇവിടെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാവില്ലെന്നും പകരം മിസോ നാഷണല്‍ ഫ്രണ്ട്(എം.എന്‍.എഫ്) അധികാരത്തിലെത്തുമെന്നുമാണ് എക്‌സിറ്റ് പോള്‍ സൂചനകള്‍. ഇതാണ് പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

കൂടാതെ നിലവില്‍ എന്‍.ഡി.എയുടെ ഭാഗമായ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. മാനവ വിഭവ ശേഷി വികസന മന്ത്രിയായ കുശ്‌വാഹ കേന്ദ്രമന്ത്രിസഭാംഗത്വം രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം പ്രതിപക്ഷത്തിനൊപ്പം ചേരുമെന്ന വാര്‍ത്തകളും പുറത്തു വരുന്നത്. കുശ്‌വാഹയുടെ ലോക് സമതാ പാര്‍ട്ടി ശരത് യാദവിന്റെ ലോക്് താന്ത്രിക് പാര്‍ട്ടിയില്‍ ലയിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആര്‍.എല്‍.എസ്.പിക്ക് ലോക്‌സഭയില്‍ മൂന്ന് അംഗങ്ങളുണ്ട്. ഉത്തര്‍പ്രദേശ് എം.പി സാവിത്രി ഫുലെ ബി.ജെ.പി വിട്ടതും പ്രതിപക്ഷ ക്യാമ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്. തിങ്കളാഴ്ചത്തെ യോഗത്തിനു ശേഷം കൂടുതല്‍ കക്ഷികള്‍ വിശാല മുന്നണിയിലേക്ക് കടന്നുവരുമെന്നാണ് ആര്‍.എല്‍.ഡി നേതാക്കള്‍ പറയുന്നു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയക്കുന്ന ബി.ജെ.പി, രാമക്ഷേത്ര വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്ന് വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച സംഘ് പരിവാര്‍ ശക്തികള്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

SHARE