ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എക്സിറ്റ് പോള്‍ ഫലങ്ങള്‍ സത്യസന്ധമാകണമെന്നില്ലെന്ന് പറഞ്ഞ അമിത് ഷാ, ഇത്തരം ഫലങ്ങളാവില്ല യാഥാര്‍ഥ്യമാകുകയെന്നും പറഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എല്ലാ എക്സിറ്റ് പോള്‍ സര്‍വേകളും പ്രവചിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
നേരത്തെ, ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും നേരത്തെ എക്സിറ്റ് പോള്‍ ഫലങ്ങളെ എതിര്‍ത്തിരുന്നു. എക്സിറ്റ് പോളുകളെല്ലാം പരാജയപ്പെടുമെന്ന് പ്രവചിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയുമുണ്ടായി. ഡല്‍ഹിയില്‍ 4 സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്റെ ഈ ട്വീറ്റ് സൂക്ഷിച്ചുവെക്കണമെന്നും ജയിച്ചു വരുമ്പോ ഇ.വി.എമ്മുകളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി വനിതാ നേതാവ് മീനാക്ഷി ലേഖിയും എക്സിറ്റ് പോള്‍ ഫലങ്ങളെ എതിര്‍ത്തിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നത് വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണ്. എന്നാല്‍, അഞ്ച് മണി കഴിഞ്ഞാണ് ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ വോട്ട് ചെയ്യാന്‍ എത്തിയതെന്ന് ബിജെപി വനിതാ നേതാവ് മീനാക്ഷി ലേഖിയും പറഞ്ഞു.
ഇന്നലെയായിരുന്ന ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ ആം ആദ്മിക്ക് ഭൂരിപക്ഷം കാണിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കെജ്രിവാള് സര്‍ക്കാറിന് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നതാണ് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും.
2015നെ അപേക്ഷിച്ച് ബി.ജെ.പി നേരിയ തോതില്‍ നില മെച്ചപ്പെടുമെന്നും വോട്ടെടുപ്പ് സമയം അവസാനിച്ചതിനു തൊട്ടു പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനും സാധിക്കുമെന്നും ചില എക്സിറ്റ് പോള്‍ പ്രവചനങ്ങളുണ്ട്.
ഇന്ത്യാ ടുഡെ-ആക്സിസ് മൈ ഇന്ത്യയാണ് എ.എ.പിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്- 59 മുതല്‍ 68 സീറ്റു വരെ. ബി.ജെ.പിക്ക് രണ്ടു മുതല്‍ 11 സീറ്റുവരെയാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും സര്‍വേ പറയുന്നു. സമീപ കാല തെരഞ്ഞെടുപ്പുകളില്‍ താരതമ്യേന കൃത്യതയുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട് ശ്രദ്ധ നേടിയ ഇന്ത്യാ ടുഡെയുടെ പ്രവചനം ഫലിച്ചാല്‍ 2015ലേതിനു സമാനമായി ബി.ജെ.പി ഇത്തവണയും തകര്‍ന്നടിഞ്ഞേക്കും.
ന്യൂസ് എക്സ് സര്‍വേ ആണ് എ.എ.പിക്ക് കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത മറ്റൊരു എക്സിറ്റ് പോള്‍. 53 മുതല്‍ 57 വരെ സീറ്റ്. ബി.ജെ.പിക്ക് 11-17 സീറ്റും കോണ്‍ഗ്രസിന് 0-2 സീറ്റുമാണ് ന്യൂസ് എക്സിന്റെ പ്രവചനം. 70 അംഗ നിയമസഭയില്‍ എ.എപി 54 സീറ്റ് നേടുമെന്ന് ടി.വി-9 ഭാരത് വര്‍ഷ് – സിസറോ സര്‍വേ പറയുന്നു. ബി.ജെ.പിക്ക് 15ഉം കോണ്‍ഗ്രസിന് ഒന്നും സീറ്റാണ് ഈ സര്‍വേ പറയുന്നത്.
കടുത്ത ബി.ജെ.പി അനുഭാവ നിലപാടുള്ള റിപ്പബ്ലിക് – ജന്‍കി ബാത് സര്‍വേ പോലും എ.എ.പിക്ക് 48 മുതല്‍ 61 സീറ്റുവരെ പ്രവചിക്കുന്നുണ്ട്. ബി.ജെ.പി ഒമ്പതു മുതല്‍ 21 സീറ്റുവരെ നേടുമെന്നാണ് റിപ്പബ്ലിക് പ്രവചനം. ടൈംസ് നൗ എ.എ.പിക്ക് 44ഉം ബി.ജെ.പിക്ക് ബി.ജെ.പിക്ക് 26ഉം സീറ്റ് പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റു പോലും നേടില്ലെന്നാണ് പറയുന്നത്. എ.ബി.പി – സി വോട്ടര്‍ സര്‍വേ എ.എ.പിക്ക് 49 മുതല്‍ 63 സീറ്റുവരെയാണ് സാധ്യത കല്‍പ്പിക്കുന്നത്. ബി.ജെ.പി അഞ്ചുമുതല്‍ 19 സീറ്റുവരേയും കോണ്‍ഗ്രസ് 0 മുതല്‍ നാലു സീറ്റു വരേയും നേടുമെന്നാണ് സി വോട്ടര്‍ പറയുന്നത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റിലാണ് എ.എ.പി വിജയിച്ചിരുന്നത്. ബി.ജെ.പിക്ക് മൂന്നു സീറ്റു മാത്രമാണ് അന്ന് നേടാനായിരുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല.
എ.എ.പി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന കാര്യത്തില്‍ ഒരു സര്‍വേ പേലും എതിരഭിപ്രായം പ്രകടിപ്പിക്കുന്നില്ല എന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ ജനവിധി എന്ന നിലയില്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് സവിശേഷ പ്രസക്തിയുണ്ട്. പൗരത്വ വിഷയത്തില്‍ രാജ്യത്തൊട്ടാകെ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളുടെ പ്രഭവ കേന്ദ്രം തന്നെ ഡല്ഹിയായിരുന്നുവെന്ന് പറയാം. ജാമിഅ മില്ലിയ്യയിലും ജെ.എന്‍.യുവിലും അലീഗഡിലും ജന്ദര്‍ മന്തറിലും ജമാമസ്ജിദ് പരിസരത്തും ഷാഹിന്ബാഗിലുമെല്ലാം ഉയര്‍ന്ന പ്രതിഷേധങ്ങളെ അതേ തീവ്രതയോടെ രാജ്യത്തിന്റെ അഷ്ടദിക്കുകളും ഏറ്റെടുക്കുകയായിരുന്നു. പൗരത്വ വിഷയത്തില്‍ ബാലറ്റിലൂടെയുള്ള രാജ്യത്തിന്റെ ആദ്യ പ്രതികരണം കൂടിയാണ് ഡല്‍ഹിയില്‍ പുറത്തുവരാനിരിക്കുന്നത്. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും ബി.ജെ.പി സര്‍ക്കാറുകള്‍ കടപുഴകി വീണ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയാണിത്. നാലു സംസ്ഥാനങ്ങളിലേയും വിധി തന്നെയാണ് ഡല്‍ഹിയിലും കാത്തിരിക്കുന്നതെങ്കില്‍ മോദി സര്‍ക്കാറില്‍ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടതിന്റെ ഹിതപരിശോധന കൂടിയായി ജനവിധി മാറും. ഈ മാസം 11നാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.