എക്്‌സിറ്റ് പോളുകളും തെര. കമ്മീഷനും

പതിനേഴാം ലോക്‌സഭയിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് മെയ് 19ന് വൈകീട്ട് ആറുമണിക്ക് തിരശ്ശീല വീണതോടെ ഏപ്രില്‍ 11 മുതല്‍ ആറാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ പ്രധാനഭാഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനിയത്തെ രണ്ടാംനാള്‍, മെയ് 23ന്, തമിഴ്‌നാട്ടിലെ വെല്ലൂരിലൊഴികെയുള്ള (അനധികൃത പണം പിടിച്ചെടുത്തതിനെതുടര്‍ന്ന് ഇവിടെ വോട്ടെടുപ്പ് മാറ്റിവെച്ചു) 542 ലോക്‌സഭാമണ്ഡലങ്ങളിലെയും ഫലം പുറത്തുവരികയും അത് രാഷ്ട്രപതിയെ അറിയിക്കുകയുമാണ് ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന് മുന്നിലുള്ള കര്‍ത്തവ്യം. നിര്‍ഭാഗ്യവശാല്‍ സ്വതന്ത്ര ഇന്ത്യയില്‍ കഴിഞ്ഞ കാലത്തൊരിക്കലുമുണ്ടാകാത്ത രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ രീതിക്കാണ് ഈ പൊതുതെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്നത് ഈ രംഗവുമായി ബന്ധപ്പെട്ട് സാമാന്യബോധമുള്ള ആരെങ്കിലും നിഷേധിക്കുമെന്ന് തോന്നുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം പൂര്‍ണമായി ബി.ജെ.പിയില്‍ കെട്ടിവെക്കാനാകില്ല. ദേശീയ തെരഞ്ഞെടുപ്പു കമ്മീഷനും ഇതിന് അതിന്റേതായ പങ്ക് നിര്‍വഹിച്ചിട്ടുണ്ടെന്ന് പറയേണ്ടിവരും.
രാജ്യത്തെ നൂറ്റിമുപ്പതു കോടി വരുന്ന ജനതയെയും 90 കോടി വോട്ടര്‍മാരെയും എങ്ങനെയൊക്കെ ഭിന്നിപ്പിക്കാമോ എന്ന കുതന്ത്രമാണ് ഈ പ്രചാരണകാലം മുഴുവന്‍ മുഖ്യ ഭരണകക്ഷിയായ ബി.ജെ.പി പരീക്ഷിച്ചത്. ഇതിന്റെ വിജയ സൂചനകൂടിയാണ് അവര്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന എക്‌സിറ്റ്‌പോള്‍ഫലങ്ങള്‍. ഇതിന് കഴിയുന്നവണ്ണം ബി.ജെ.പിക്ക് സാങ്കേതികമായി സര്‍വവിധ ഒത്താശകളും ചെയ്തുകൊടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടംഗങ്ങളാണെന്നതിനുള്ള തെളിവുകള്‍ ഇതിനകം പുറത്തുവന്നിരിക്കുകയാണ്. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മൂന്നംഗകമ്മീഷനിലെ അശോക് ലവാസ കഴിഞ്ഞദിവസം പരസ്യമായി പ്രകടിപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടുന്നത് രാജ്യം ബി.ജെ.പി സര്‍ക്കാരിനുകീഴില്‍ എത്രകണ്ട് ഫാസിസവല്‍കരിക്കപ്പെട്ടു എന്നാണ്. ഭരണകക്ഷിക്ക് പ്രത്യേകിച്ച് പ്രധാനമന്ത്രിക്ക്, ആകാവുന്നത്ര സഹായങ്ങള്‍ ചെയ്തുകൊടുത്ത കമ്മീഷനാണ് അറോറയുടേതെന്നതിന് നിരവധി തെളിവുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് പത്തിന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ നരേന്ദ്രമോദിക്ക് അനുകൂലമായാണ് അവയെന്ന് കമ്മീഷനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നതാണ്. അത് ശരിവെക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരായി തുടര്‍ന്ന് ഉയര്‍ന്ന ഡസനോളം പരാതികളില്‍ കമ്മീഷന്‍ സ്വീകരിച്ച നിലപാട്. എല്ലാറ്റിലും ക്ലീന്‍ചിറ്റ് നല്‍കി മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായെയും കുറ്റവിമുക്തരാക്കി പെരുമാറ്റച്ചട്ടങ്ങളെ മറികടന്ന് വിദ്വേഷപ്രസംഗങ്ങളുമായി ആറാടാന്‍ വിടുകയായിരുന്നു ഒരു ഭരണഘടനാസ്ഥാപനമായ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ മോദി മല്‍സരിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ ആ മണ്ഡലത്തിലെ വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് നീട്ടിവെച്ചതാണ് സുപ്രധാനമായ മോദി അനുകൂല തീരുമാനം. മോദിക്ക് പരമാവധി പ്രചാരണത്തിന് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു ഇതിലൂടെയെന്ന് വ്യക്തം. ബി.ജെ.പിയുടെ ബി.ടീമാണ് കമ്മീഷനെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം അപ്പടി തള്ളിക്കളയാനാകില്ല.
ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തുനിന്ന് ന്യൂനപക്ഷ മണ്ഡലത്തിലേക്ക് രാഹുല്‍ഗാന്ധി ഒളിച്ചോടി എന്ന് സകലസാങ്കേതിക-ധാര്‍മിക സീമകളും അതിലംഘിച്ച് പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പരാതിയെക്കുറിച്ച് കമ്മീഷനിലെ അശോക് ലവാസ ഉന്നയിച്ച നിര്‍ദേശം കമ്മീഷനിലെ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നുവെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. തുറന്ന പക്ഷപാതിത്വമാണ് കമ്മീഷനിലെ രണ്ടംഗങ്ങള്‍ ഇതിലൂടെ കാട്ടിയതെന്ന് വ്യക്തം. ഒരു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നെങ്കിലും അതിലും അഴകൊഴമ്പന്‍ നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്. പരാതികള്‍ കാണാനില്ലാത്ത അവസ്ഥയും ഉണ്ടായി. പതിനൊന്ന ്പരാതികളില്‍ ഉടന്‍തീര്‍പ്പ് കല്‍പിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതിയുടെ ഉത്തരവിനെ അധികരിച്ച് അവയില്‍ പേരിന് തീര്‍പ്പാക്കുകയാണ് കമ്മീഷന്‍ ചെയ്തത്. ഒരാളുടെപോലും ആളപായത്തിനിടയാക്കാത്ത കൊല്‍ക്കത്തയിലെ അക്രമങ്ങളില്‍ പിടിച്ച് തെരഞ്ഞെടുപ്പു ചരിത്രത്തിലാദ്യമായി മോദിക്കനുകൂലമായി പശ്ചിമബംഗാളിലെ പ്രചാരണം കമ്മീഷന്‍ 20 മണിക്കൂര്‍ റദ്ദാക്കി.
രാജ്യത്തെ നീറുന്ന പ്രശ്‌നങ്ങളെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ സ്വന്തമായി ഉണ്ടാക്കിയ രാജ്യ സുരക്ഷാപ്രശ്‌നത്തില്‍ കയറിപ്പിടിച്ച് വോട്ടര്‍മാരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു മോദിയും ബി.ജെ.പിയും. പുല്‍വാമയില്‍ സൈനികര്‍ക്കുനേരെയുള്ള ഭീകരാക്രമണവും അതിന് തിരിച്ചടിയായി പാക്കിസ്താനിലെ ബാലക്കോട്ടിലേക്ക് ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടിയും മാത്രമാണ് മോദിയും ബി.ജെ.പിയും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അഴിച്ചുവിട്ടത്. 45 കൊല്ലത്തെ വലിയ തൊഴിലില്ലായ്മ, പെട്രോളിയം ഉള്‍പെടെയുള്ളവയുടെ വിലവര്‍ധന, റഫാല്‍ അഴിമതി, കര്‍ഷക ദ്രോഹനടപടികള്‍ തുടങ്ങിയവയെയൊക്കെ സമര്‍ത്ഥമായി മറച്ചുവെക്കാനായിരുന്നു മോദി-ഷാ പദ്ധതി. മുമ്പ് പലതവണയും എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കപ്പെട്ടതില്‍നിന്നും വ്യത്യസ്തമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നത് നേരാണ്. എന്‍.ഡി.എക്കുതന്നെ വീണ്ടും അധികാരത്തില്‍ എത്താനുള്ള സാധ്യത പ്രവചിക്കപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്ന മൂന്നു പേരില്‍ മോദിയും അമിത്ഷായും കഴിഞ്ഞാല്‍ മുഖ്യതെരഞ്ഞെ ടുപ്പ് കമ്മീഷണറായിരിക്കുമെന്ന് ആരെങ്കിലും ആരോപിച്ചാല്‍ കുറ്റംപറയാന്‍ കഴിയില്ല. വരാണസി വോട്ടെടുപ്പുദിവസം ക്ഷേത്ര സന്ദര്‍ശനം അനുവദിച്ചതിന് തെരഞ്ഞെടുപ്പ്കമ്മീഷനോട് മോദി പറഞ്ഞ നന്ദി കോടിക്കണക്കിന് വോട്ടര്‍മാരെ കബളിപ്പിക്കാന്‍ സഹകരിച്ചതിനുള്ള ബി.ജെ.പിയുടെ നന്ദിപ്രകടനമാണ്. പൂര്‍വസൂരികള്‍ രാജ്യത്തിന് സമ്മാനിച്ച ഭരണഘടനാസ്ഥാപനങ്ങളെ ഇവ്വിധം തകര്‍ത്തെറിഞ്ഞതിന് മോദിയെ ജനത ശിക്ഷിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ഒപ്പം ഈ ഭരണഘടനാലംഘനങ്ങള്‍ക്ക് അരുനിന്നുകൊടുത്ത പിണിയാളുകളെയും.