കൊടുംതണുപ്പില്‍ പശു ചത്തു; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് യുപി പൊലീസ്

ലക്‌നോ: പശുക്കള്‍ക്കായി പുതുതായി നിര്‍മ്മിച്ച അഭയകേന്ദ്രത്തില്‍ തണുപ്പ് കാരണം പശു ചത്തതിനെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലാണ് സംഭവം.
മുസാഫര്‍നഗര്‍ നഗര്‍ എക്‌സിക്യൂട്ടീവ് ഓഫീസറും ഭോകര്‍ഹെദി നഗര്‍ പഞ്ചായത്തിലെ ജൂനിയര്‍ എഞ്ചിനീറുമായ വി എം ത്രിപാഠി, മൂല്‍ചന്ദ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തണുപ്പ് കാരണം പശുക്കളെ സംരക്ഷിക്കാനാണ് പുതുതായി ഒരു അഭയകേന്ദ്രം നിര്‍മ്മിച്ചത്. എന്നാല്‍ ഇവര്‍ ജോലിയില്‍ വീഴ്ച വരുത്തയെന്നാരോപിച്ചാണ് കേസ്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസ്. ഞായറാഴ്ച രാവിലെയാണ് തണുപ്പ് കാരണം പശുചത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പശു സംരക്ഷണത്തിന് മുഖ്യസ്ഥാനം നല്‍കുന്ന ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാന്‍ കോട്ട് നിര്‍മിക്കുന്നത് വാര്‍ത്തയായിരുന്നു. അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ശൈത്യകാലത്ത് പശുക്കള്‍ക്കായി കോട്ടുകള്‍ നല്‍കിയത്. ചണം കൊണ്ട് നിര്‍മിച്ച കോട്ടുകളാണ് നല്‍കിയത്. ഇതിന്റെ ഭാഗമായി 1200 പശുക്കള്‍ക്ക് ആദ്യഘട്ടം കോട്ട് തയ്യാറാക്കിയത്.
ഒരു മനുഷ്യന് ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ പശുക്കള്‍ക്ക് നല്‍കാനാണ് യോഗി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഓക്‌സിജന്‍ ലഭിക്കാതെ നൂറുകണക്കിന് കുരുന്നുകള്‍ കൊല്ലപ്പെട്ട സംസ്ഥാനത്താണ് പശുക്കള്‍ക്ക് ധരിക്കാന്‍ കോട്ടും ചികില്‍സ വേഗത്തിലാക്കാന്‍ ആംബുലന്‍സ് സൗകര്യവും ഒരുക്കിയത്.

SHARE