ഐ.സി.യുവില്‍ തന്നെ ആരും തിരിഞ്ഞുനോക്കിയില്ല; കോവിഡ് ബാധിച്ചു മരിച്ച എക്‌സൈസ് ജീവനക്കാരന്റെ ഫോണ്‍ രേഖകള്‍ പുറത്തുവിട്ട് കുടുംബം


കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ജീവനക്കാരന്‍ സുനിലിന്റെ മരണത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കുടുംബം. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. തന്നെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് ഐ.സി.യുവില്‍ നിന്ന് സുനില്‍ പറയുന്നതിന്റെ ഫോണ്‍ രേഖകളും കുടുംബം പുറത്തുവിട്ടു.

കഴിഞ്ഞ 14-ാം തീയതിയാണ് പനിയെത്തുടര്‍ന്ന് മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവറായ സുനില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുമ്പോള്‍ കാര്യമായ അവശത ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ കെ.പി. സുമേഷ് പറയുന്നു. സുനിലിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് ഇളയച്ചന്‍ കെ.പി. മധു ആരോപിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഐ.സി.യുവില്‍ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് സുനില്‍ സഹോദരന്‍ സുമേഷിനെ ഫോണില്‍ വിളിച്ചറിയിച്ചു. കോവിഡ് സംബന്ധിച്ച് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കുടുംബത്തിന് ബന്ധപ്പെട്ട ഡോക്ടറെയോ അധികൃതരെയോ പരാതി അറിയിക്കാനായില്ല.

മറ്റ് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരുന്ന നല്ല കായിക ശേഷിയുള്ള 28കാരന്റെ മരണം നേരത്തെ തന്നെ ആശങ്കയുയര്‍ത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 18നാണ് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ രാവിലെ 9.55ന് സുനില്‍ മരിച്ചത്.കുടുംബത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല. എന്നാല്‍ പരാതി കിട്ടിയാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. സുനിലിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നാണ് പതിനെട്ടാം തീയതി പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്.

SHARE